വിട്ടുപോയ ഭാഗം പൂരിപ്പിക്കുക എന്ന തലക്കെട്ടോട് കൂടിയ ചോദ്യപേപ്പറില്‍, ‘ഒരു കമ്പനി ഇ.ഡി. റെയ്ഡ് ചെയുന്നു. ആ കമ്പനിയുടെ ഉടമകള്‍ …………… എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കോടികള്‍ കോഴ നല്‍കുന്നു. ഉടനെ ഇ.ഡി ആ കമ്പനിക്കെതിയരെയുള്ള മുഴുവന്‍ നടപടി ക്രമങ്ങളും അവസാനിപ്പിക്കുന്നു,’ എന്ന രീതിയിലാണ് ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്തരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പ് വരെ ചോദ്യപേപ്പറില്‍ സി.പി.ഐ സമയം നല്‍കിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെയുള്ള ഈ ചോദ്യപേപ്പര്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
അതേസമയം ഇത്ര എളുപ്പമുള്ള ചോദ്യമൊക്കെ ചോദിച്ചാല്‍ കുട്ടികള്‍ ഫുള്‍ മാര്‍ക്ക് നേടുമെന്ന് പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തു. സി.പി.ഐയെ പോലെ ഉത്തരവാദിത്തമുള്ള ഒരു പാര്‍ട്ടി ഇങ്ങനെ എല്ലാവര്‍ക്കുമറിയാവുന്ന ഉത്തരമുള്ള ചോദ്യങ്ങള്‍ ഇത്ര ഗൗരവത്തില്‍ ചോദിക്കരുത് എന്ന ഒരഭിപ്രായം തനിക്കുണ്ടെന്ന് മറ്റൊരാള്‍ ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ നിര്‍ദേശത്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ അനുസരിച്ച് ഏറ്റവും അധികം ബോണ്ടുകള്‍ പണമാക്കി മാറ്റിയത് ബി.ജെ.പിയാണ്.
നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 75 ശതമാനം ബോണ്ടുകള്‍ പണമാക്കിയിരിക്കുന്നത് ബി.ജെ.പിയാണ്. എന്നാല്‍ സി.പി.ഐ.എമ്മും സി.പി.ഐയും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിട്ടില്ല.
അതേസമയം 2019നും 2024നുമിടയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടുകള്‍ സംഭാവന ചെയ്ത ആദ്യ അഞ്ചിലെ മൂന്ന് കമ്പനികളും ഇ.ഡിയുടെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം നേരിടുന്നവര്‍ ആണ്. ലോട്ടറി കമ്പനിയായ ഫ്യൂച്ചര്‍ ഗെയ്മിങ്, നിര്‍മാണ സ്ഥാപനമായ മേഘ എഞ്ചിനീയറിങ്, ഖനന ഭീമന്മാരായ വേദാന്ത എന്നീ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയ്മിങ് ആന്‍ഡ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ സംഭാവന ചെയ്തത്. 2019നും 2024നുമിടയില്‍ 1,300 കോടി രൂപയുടെ ഇടപാടാണ് നടന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും എസ.ബി.ഐക്കും വീണ്ടും തിരിച്ചടി നേരിട്ടു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ സീരിയല്‍ നമ്പറുകള്‍ എന്തുകൊണ്ട് ഇല്ലെന്ന് എസ്.ബി.ഐയോട് സുപ്രീം കോടതി ചോദിച്ചു. രേഖകള്‍ അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി എസ്.ബി.ഐക്ക് കോടതി വീണ്ടും നോട്ടീസ് നല്‍കി.
Content Highlight: CPI mocks BJP after Election Commission publishes information related to electoral bonds