Advertisement
Kerala News
റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല: സി.പി.ഐ എം.എല്‍.എ പി. ബാലചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 01, 05:39 pm
Tuesday, 1st March 2022, 11:09 pm

തൃശൂര്‍: റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങള ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ലെന്ന് സി.പി.ഐ നേതാവും തൃശൂര്‍ എം.എല്‍.എയുമായ പി. ബാലചന്ദ്രന്‍. ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനുശോചനം പങ്കുവെച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നവീന്‍ എന്റെ മകനേ മാപ്പ് കരുണയില്ലാത്ത ലോകം നിന്നെ കൊന്നു. റഷ്യ, ചൈന ഈ അഹങ്കാരി രാജ്യങ്ങള ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല കൊലയുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടും,’ പി. ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതി.

ഉക്രൈനിലെ ഖര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥയായ നവീന്‍ ജ്ഞാനഗൗഡര്‍ കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയും ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്നു നവീന്‍. ഖര്‍ഖീവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കം നവീന്റെ മരണം സ്ഥിരീകരിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന.

ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഉക്രൈനിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കള്‍ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു ഇസ്രാഈലി പൗരനും കൊല്ലപ്പെട്ടിരുന്നു.

‘ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,’ ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.