| Sunday, 25th September 2022, 1:37 pm

ആര്‍.എസ്.എസ് നവഫാസിസത്തെ പരാജയപ്പെടുത്തുക: കെ.എന്‍. രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ അതീവ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്ന ആര്‍.എസ്.എസ് – ബി.ജെ.പി നവഫാസിസ്റ്റ് ഭരണത്തെ തൂത്തെറിയുന്നതിനായി മുഴുവന്‍ ജനാധിപത്യ ശക്തികളേയും ഫാസിസ്റ്റ് വിരുദ്ധ പാര്‍ട്ടികളേയും ഐക്യപ്പെടുത്തേണ്ടതുണ്ടെന്ന് സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രന്‍.

കോഴിക്കോട് എസ്.കെ. പൊറ്റേക്കാട്ട് സാംസ്‌കാരിക നിലയത്തില്‍ വെച്ച് സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ നടക്കുന്ന പാര്‍ട്ടിയുടെ പന്ത്രണ്ടാം കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വിശാലമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതോടൊപ്പം അതിനായുള്ള ഇടതുപക്ഷ രാഷ്ട്രീയ മുന്‍കൈ ശക്തിപ്പെടുത്തുന്നതിന് വിപ്ലവ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യവും ഏകീകരണവും അത്യന്താപേക്ഷികമാണ്. ജാതിവ്യവസ്ഥയെ തകര്‍ക്കുന്നതിനും പരിസ്ഥിതി സൗഹാര്‍ദ്ദമായ ബദല്‍ വികസന പരിപ്രേക്ഷ്യത്തിലും ലിംഗസമത്വത്തില്‍ അധിഷ്ടിതവുമായ ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സോഷ്യലിസത്തിലേക്ക് മുന്നേറുന്നതിനും പ്രാപ്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഈ ഐക്യവും ഏകീകരണവും ആവശ്യമാണ്.

ഈ സുപ്രധാന ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള പാര്‍ട്ടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദിശ നല്‍കുന്ന രേഖകള്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ശരിയായ രാഷ്ട്രീയ തീരുമാനം കൈകൊള്ളുന്നതിനായി മുഴുവന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളും സക്രിയമായി ഭാഗമാകണം,” കെ.എന്‍. രാമചന്ദ്രന്‍ അഹ്വാനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കെ.എന്‍. അജോയ് കുമാര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളന സെഷനില്‍, ജര്‍മന്‍ വിപ്ലവ പാര്‍ട്ടിയുടെ (എം.എല്‍.പി.ഡി) പ്രതിനിധി പീറ്റര്‍, ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം അന്‍വര്‍ ഹൊസൈന്‍, നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാഷാള്‍) നേതാവ് ശാന്ത് ബഹാദൂര്‍, എം.സി.പി.ഐ.യു ജനറല്‍ സെക്രട്ടറി അശോക് ഓംകാര്‍, ആര്‍.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍, സി.പി.ഐ (എം.എല്‍) ജനശക്തി നേതാവ് നൂര്‍ ശ്രീധര്‍, സി.പി.ഐ (എം.എല്‍) പ്രജാപന്ത നേതാവ് ഗംഗരാവു, സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ പി.ബി അംഗങ്ങളായ ഡോ. പി.ജെ. ജയിംസ്, തുഹിന്‍ പാര്‍ട്ടിയുടെ സാര്‍വദേശിയ വേദി പ്രതിനിധി സജ്ഞയ് സിംഗ്വി എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാതിരുന്ന ഹോളണ്ട്, ശ്രീലങ്ക, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിപ്ലവ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സന്ദേശങ്ങളും വിപ്ലവ പാര്‍ട്ടികളുടെ സാര്‍വദേശീയ വേദിയായ ‘ഐകോര്‍’ കേന്ദ്ര സമിതിയുടെ സന്ദേശവും സമ്മേളനത്തില്‍ വെച്ച് വായിച്ചു.

18ഓളം സംസ്ഥാനങ്ങളില്‍ നിന്നായി സംസ്ഥാന സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളും ദേശീയ- സാര്‍വദേശീയ സഹോദര പാര്‍ട്ടി പ്രതിനിധികളും നിരീക്ഷകരുമായി 350ഓളം പേര്‍ പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെപ്റ്റംബര്‍ 29 വരെ നീണ്ടുനില്‍ക്കും. പുതുക്കിയ പാര്‍ട്ടി പരിപാടി, വിപ്ലവപാത രേഖകള്‍, രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട്, ഭരണഘടന ഭേദഗതികള്‍ എന്നിവ ഈ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് അംഗീകരിക്കും.

29ന് പുതിയ കേന്ദ്ര കമ്മിറ്റിയേയും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനേയും പുതിയ ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും.

Content Highlight: CPI (ML) Red Star party congress inaugurated by K.N. Ramachandran, spoke against RSS fascism

We use cookies to give you the best possible experience. Learn more