കോഴിക്കോട്: സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാറിന്റെ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് തുടക്കം കുറിച്ചു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന ഫാസിസ്റ്റ് വിരുദ്ധ റാലിയോടു കൂടിയായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്.
കോഴിക്കോട് സരോവരം ബയോപാര്‍ക്ക് പരിസരത്ത് നിന്ന് ആരംഭിച്ച റാലി മുതലക്കുളം മൈതാനത്ത് വെച്ച് സമാപിച്ചു. മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ആര്‍.എസ്.എസും ബി.ജെ.പിയും നയിക്കുന്ന നവഹിന്ദുത്വ ഫാസിസം രാജ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ജനാധിപത്യ ബദല്‍ ശക്തികളെ അണിനിരത്തണമെന്നും കെ.എന്‍. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
”ഇടതുപക്ഷത്തിന്റെ പേരില്‍ അധികാരത്തിലിരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളാണ് നടപ്പാക്കുന്നത്. ഒരു ശരിയായ ഇടതുപക്ഷ നിര ഉണ്ടായെങ്കിലെ ഫാസിസത്തിനെ ചെറുക്കാനാവൂ. സഖാക്കളായ പി. കൃഷ്ണപിള്ളയുടേയും കെ.വി. പത്രോസിന്റേയും രാഷ്ട്രീയധാരയെ വിപ്ലവ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകണം,” സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ കേരള സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരനാണ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്.
ഡോ. പി.ജെ. ജയിംസ്, മനോഹരന്‍ (തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി), ബി. രുദ്രയ്യ (കര്‍ണാടക), ഹരിപ്രസാദ് (ആന്ധ്രാ പ്രദേശ്), പ്രമീള (ഒഡീഷ), പ്രദീപ് സിങ് (പശ്ചിമ ബംഗാള്‍), ലാഭ് സിങ് (പഞ്ചാബ്), റിതാന്‍ഷ് ആസാദ് (രാജസ്ഥാന്‍), വിജയകുമാര്‍ (മധ്യപ്രദേശ്), സൗര (ചത്തീസ്ഗഢ്), അരുണ്‍ വലാസ്‌കര്‍ (മഹാരാഷ്ട്ര), ബാബുറാം (ഉത്തര്‍പ്രദേശ്), പ്രദോഷ് (ഓവര്‍സീസ്), സഞ്ജയ് സിംഗ്വി (ഐകോര്‍ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍), സ്മിത (കേരളം) എന്നിവര്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അഡ്വ. സാബി ജോസഫ് സ്വാഗതവും അഖില്‍ നന്ദിയും പറഞ്ഞു.
12ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം എസ്.കെ. പൊറ്റക്കാട് ഹാളില്‍ (ഷര്‍മ്മിഷ്ഠ- ശിവറാം നഗര്‍) ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കും. വിവിധ പ്രത്യയശാസ്ത്ര രേഖകളെ അധികരിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കും. രേഖകള്‍ അംഗീകരിക്കുകയും പുതിയ കേന്ദ്ര കമ്മിറ്റിയേയും ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും. സെപ്റ്റംബര്‍ 29ന് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.
Content Highlight: CPI(ML) Red Star party congress began in Kozhikode