| Wednesday, 19th July 2023, 8:18 pm

പരിഭ്രാന്തരായ ബി.ജെ.പി ക്യാമ്പ് 'ഇന്ത്യ'ക്കെതിരെ 'ഭാരത'ത്തെ പ്രതിഷ്ഠിച്ച് ഭരണഘടനയോടുള്ള നീരസം പരസ്യമാക്കുന്നു: സി.പി.ഐ.(എം.എല്‍)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ജീവാവസ്ഥയിലായ എന്‍.ഡി.എയെ 2024 തെരഞ്ഞെടുപ്പിന് മുമ്പ് പുനരുജ്ജീവിപ്പിക്കാനുള്ള പരിതാപകരമായ ശ്രമമാണ് അധികാരം തലയ്ക്ക് പിടിച്ച് അഹങ്കാരികളായ ബി.ജെ.പി നടത്തുന്നതെന്ന് സി.പി.ഐ(എം.എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ. പരിഭ്രാന്തരായ ബി.ജെ.പി ക്യാമ്പ് ഇപ്പോള്‍ ‘ഇന്ത്യ’ക്കെതിരെ ‘ഭാരത’ത്തെ പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയോടുള്ള നീരസം ഒരിക്കല്‍ക്കൂടി പരസ്യമാക്കുകയാണെന്നും ഭട്ടാചാര്യ ആരോപിച്ചു.

ബെംഗലൂരുവില്‍ നടന്ന പ്രതിപക്ഷ മുന്നണിയുടെ മീറ്റിങ്ങിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പദവിയെ കോളനികളുടേതിന് തുല്യമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ദീപങ്കര്‍ ഭട്ടാചാര്യ വിമര്‍ശിച്ചു.

‘ഭരണഘടനയുടെ ഒന്നാമത്തെ ആര്‍ട്ടിക്കിളില്‍ തന്നെ എഴുതിവെച്ചിരിക്കുന്നത്, ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആയിരിക്കും എന്നാണ്. ആ ഇന്ത്യക്കും ഭാരതത്തിനുമിടയില്‍ ആപ്പടിച്ചു കേറ്റാനും, അധികാരങ്ങള്‍ അമിതമായി കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പദവിയെ കോളനികളുടേതിന് തുല്യമാക്കാനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രതിപക്ഷ കക്ഷികള്‍ ബെംഗളൂരുവില്‍ രണ്ടാമത് ചേര്‍ന്ന സമ്മേളനത്തിന്റെ വിജയകരമായ പരിസമാപ്തിയും ഇന്ത്യ എന്ന ചുരുക്കപ്പേരില്‍ ഒരു പുതിയ രാഷ്ട്രീയ സഖ്യം രൂപീകൃതമായതും മോദി ഭരണകൂടത്തെ ശരിക്കും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിനു മറുപടിയായി അതേ ദിവസം ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും പുതിയ പാര്‍ട്ടികളെ കണ്ടുപിടിച്ചോ ചൂണ്ടിക്കാട്ടിയോ പെട്ടെന്ന് ഒരു സമാന്തര ‘സഖ്യം’ ദല്‍ഹിയില്‍ ഉണ്ടാക്കിയത് മോദി ഭരണകൂടത്തിന്റെ വര്‍ധിച്ചുവരുന്ന വെപ്രാളമാണ് സൂചിപ്പിക്കുന്നത്.

അടുത്ത 50 വര്‍ഷത്തേക്ക് ബി.ജെ.പി ഭരണത്തിന് ഇന്ത്യയില്‍ വെല്ലുവിളിയില്ലെന്ന് വീമ്പിളക്കിയതിന് കടകവിരുദ്ധമായ ഒരു പ്രതികരണമാണ് ഇപ്പോഴത്തേത്. ഈ അഹങ്കാരം നിമിത്തം അവരുടെ ദീര്‍ഘകാല കൂട്ടാളികളായിരുന്ന ശിവസേന, അകാലി ദള്‍, ജെ.ഡി.യു എന്നീ പാര്‍ട്ടികള്‍ ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതാണ്.

അതേ ബി.ജെ.പിയാണ് ഇപ്പോള്‍ ആ പാര്‍ട്ടികളില്‍ കുത്തിത്തിരുപ്പുണ്ടാക്കി അവയില്‍നിന്നും കിട്ടുന്ന ചെറു ഗ്രൂപ്പുകളെ കൂടെ കൂട്ടാനും സഖ്യമുണ്ടാക്കാനും നോക്കുന്നത്. രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷം ആ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയ ബി.ജെ.പി ഇപ്പോള്‍ അതിലെ രണ്ടു വിഭാഗങ്ങളേയും വെവ്വേറെ പാര്‍ട്ടികളായിക്കരുതി പുതിയ സഖ്യകക്ഷികള്‍ എന്ന നിലക്ക് അവതരിപ്പിക്കുകയാണ്,’ ദീപങ്കര്‍ ഭട്ടാചാര്യ വിമര്‍ശിച്ചു.

ഡോ. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ, ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക് എന്ന ഭരണഘടനാപരമായ വീക്ഷണം യാഥാര്‍ഥ്യമാക്കണമെങ്കില്‍, ഇന്ത്യക്ക് അതിന്റെ എല്ലാ ശക്തിയും സമാഹരിക്കേണ്ടതായി വരുമെന്നും സി.പി.ഐ.(എം.എല്‍) അധ്യക്ഷന്‍ പറഞ്ഞു.

‘മോദി ഭരണം ഇന്ന് രാജ്യത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന സാര്‍വത്രികമായ അരാജകത്വവും പ്രതിസന്ധികളും നടമാടുന്ന പേടിസ്വപ്നത്തെ അതിജീവിച്ചുകൊണ്ട് അത് സാധിക്കേണ്ടതുണ്ട്.

പട്‌നയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ഉള്ള സന്ദേശം രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ള ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റേണ്ടത് ആവശ്യമാണ്. അതിനുള്ള സമരം ആരംഭിച്ചതേയുള്ളൂ. നമ്മള്‍ പോരാടും, നമ്മള്‍ വിജയിക്കും,’ ദീപങ്കര്‍ ഭട്ടാചാര്യ വ്യക്തമാക്കി.

Content Highlights: cpi(ml) general secretary says bjp is anti-constitutional by rejecting INDIA

Latest Stories

We use cookies to give you the best possible experience. Learn more