| Wednesday, 24th July 2019, 11:28 pm

എല്‍ദോ എബ്രഹാം എം.എല്‍.എയെ മര്‍ദിച്ച സംഭവത്തില്‍ സി.പി.ഐ മന്ത്രിമാരുടെ പ്രതിഷേധം; ഭരണകക്ഷി സമരം നടത്തിയാല്‍ ഇങ്ങനെയൊക്കെ വരുമെന്ന് എ കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എം.എല്‍.എയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാരുടെ പ്രതിഷേധം. കണ്ടാലറിയുന്ന എം.എല്‍.എയെ ലോക്കല്‍ പൊലീസ് തല്ലിയത് നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വെല്ലുവിളിക്കുന്നത് പോലെയായി പൊലീസ് നടപടിയെന്നും റവന്യൂ മന്ത്രി പറഞ്ഞു.

വേണ്ടി വന്നാല്‍ സമരം ചെയ്യാന്‍ മടിയില്ല എന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും വ്യക്തമാക്കി. തല്ല് കൊണ്ട് തന്നെയാണ് മന്ത്രി കസേരയിലെത്തിയത്. ഇനിയും തല്ല് കൊള്ളാന്‍ മടിയില്ല എന്നും സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെ ഇത്തരം നടപടികളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സുനില്‍ കുമാറും പി തിലോത്തമനും പറഞ്ഞു.

എന്നാല്‍ ഭരണകക്ഷി സമരം നടത്തിയാല്‍ ഇങ്ങനെയൊക്കെ വരുമെന്നാണ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. ജി സുധാകരന്‍ അടക്കമുള്ള സി.പി.ഐ.എം മന്ത്രിമാര്‍ റവന്യൂമന്ത്രിയുടെ വികാരത്തിനൊപ്പം നിന്നപ്പോഴാണ് എ.കെ ബാലന്റെ പ്രതികരണം.

തുടര്‍ന്ന് യോഗത്തിനിടെയുണ്ടായ തര്‍ക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് പരിഹരിച്ചത്.

സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും എങ്കിലും ഒരു ജനപ്രതിനിധിക്ക് പോലീസ് മര്‍ദനമേല്‍ക്കേണ്ടി വരുന്നത് പ്രതിഷേധകരമാണെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ തുടര്‍ന്ന് സംസാരിച്ചു.

We use cookies to give you the best possible experience. Learn more