തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ മഹാരാഷ്ട്ര മോഡല്‍ സമരം നടത്തുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച് സി.പി.ഐ അംഗം സി.കെ ആശ.
ആന വായ്‌പൊളിക്കുന്ന് കണ്ട് അണ്ണാന്‍ വായ്‌പൊളിക്കാന്‍ നോക്കിയാല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു സി.കെ ആശയുടെ ചോദ്യം. വിയര്‍പ്പൊഴുക്കിപ്പോലും ഇതുവരെ സമരം ചെയ്യാത്ത കോണ്‍ഗ്രസുകാരാണോ ചോരയൊഴുക്കി സമരം ചെയ്യാന്‍ പോകുന്നതെന്ന് ആശ ചോദിച്ചു.
വിഷ ജീവിയെന്ന് തിരിച്ചറിഞ്ഞ് യു.പിയിലേയും ബീഹാറിലേയും വോട്ടര്‍മാര്‍ മാളത്തില്‍ കയറ്റിയ ബി.ജെ.പിയെ മാളത്തില്‍ തന്നെ തളച്ചിടാന്‍ കിട്ടിയ അവസരമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്നും ആശ പറഞ്ഞു. ക്ഷീര വികസന വകുപ്പുകളിന്മേലുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
കാവി ഭീകരതയും വര്‍ഗീയതയും വളര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് സി.പി.ഐ.എമ്മിന്റെ പുതിയ നയ സമീപന രേഖയെന്നും പിണറായി സര്‍ക്കാരിനെതിരെ മഹാരാഷ്ട്ര മോഡല്‍ സമരം നടത്തുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.
കേരളത്തില്‍ രണ്ടു വര്‍ഷത്തെ പിണറായി ഭരണത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായെന്നും അഴിമതി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും സി.പി.ഐ.എം നടത്തുന്ന കൊലപാതക രാഷ്ട്രീയം നാടിന്റെ സമാധാന ജീവിതം താറുമാറാക്കിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം