കണ്ണൂര്‍: തലശ്ശേരി കൊടുവള്ളിയില്‍ ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്ത സി.പി.ഐ.എം പ്രവര്‍ത്തകരെ കുത്തിക്കൊന്നു. സി.പി.ഐ.എം അനുഭാവി തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശി കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവും സി.പി.ഐ.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ (40) എന്നിവരെയാണ് കൊലപ്പെടുത്തിയത്.
രണ്ടുപേരെ ആശുപത്രിയില്‍നിന്ന് വിളിച്ചിറക്കിയാണ് കുത്തിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന നെട്ടൂര്‍ സ്വദേശി ഷാനിബിന് (29) മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് നാലോടെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം. ജാക്സണ്‍, പാറായി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ലഹരി വില്‍പ്പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്സണ്‍ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും.
അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. ഖാലിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. പുറത്തും ശരീരമാസകലവും കുത്തും വെട്ടുമേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഇരുവരുടെയും മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.