ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സാധ്യത; പത്രിക പിന്‍വലിച്ച് എന്‍.സി.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം
national news
ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സാധ്യത; പത്രിക പിന്‍വലിച്ച് എന്‍.സി.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2024, 7:59 pm

മുംബൈ: സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഹാരാഷ്ട്രയില്‍ പത്രിക പിന്‍വലിച്ച് സി.പി.ഐ.എം. ഗോത്രവര്‍ഗ മണ്ഡലമായ ദിന്‍ദോരിയിലെ സ്ഥാനാര്‍ത്ഥിയായ ജെ.പി. ഗാവിത് ആണ് പത്രിക പിന്‍വലിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദിന്‍ദോരി മണ്ഡലത്തില്‍ സി.പി.ഐ.എം ഒരു ലക്ഷം വോട്ട് നേടിയിരുന്നു.

പത്രിക പിന്‍വലിച്ചതിന് പിന്നാലെ മഹാ വികാസ് അഘാഡി സ്ഥാനാര്‍ത്ഥിയായ എന്‍.സി.പിയിലെ (ശരദ് പവാര്‍) ഭാസ്‌കര്‍ ഭഗാരെയ്ക്ക് സി.പി.ഐ.എം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മഹാ വികാസ് അഘാഡിക്ക് പിന്തുണ നല്‍കിയതിലൂടെ ദിന്‍ദോരിയില്‍ ഇന്ത്യാ സഖ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് സി.പി.ഐ.എം.

ഗാവിതിന് പുറമെ നാസിക് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ എന്‍.സി.പിയുടെ നിവൃത്തി അരിംഗലെ, ബി.ജെ.പിയുടെ അനില്‍ ജാദവ് എന്നിവര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് രണ്ടു തവണ എം.പിയായ ശിവസേനയുടെ ഹേമന്ത് ഗോഡ്സെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

2023ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാല്‍ഗഡ് ജില്ലയിലെ തലസരി, ദഹാനു മണ്ഡലങ്ങളില്‍ 13 ഗ്രാമപഞ്ചായത്തുകളിലെ 167 വാര്‍ഡുകളില്‍ മത്സരിച്ച സി.പി.ഐ.എം 100 ഇടത്ത് വിജയിച്ചിരുന്നു. എട്ട് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ ഗ്രാമത്തലവന്മാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മുംബൈ നഗരത്തില്‍ ട്രേഡ് യൂണിയനുകളിലൂടെ നേടിയിരുന്ന സ്വാധീനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായെങ്കിലും പാല്‍ഗഡ് ജില്ലയിലും നാസിക് ജില്ലയിലും സി.പി.ഐ.എമ്മിന് ഇപ്പോളും വലിയ സ്വാധീനമുണ്ട്.

Content Highlight: CPI-M withdraws ticket in Maharashtra as candidature likely to split anti-BJP votes