അഗര്‍ത്തല: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോടേറ്റ കനത്ത പരാജയത്തിന്‍െ താത്വിക അവലോകനം നടത്താനിരിക്കുന്ന സി.പി.ഐ.എമ്മിന് ത്രിപുരയില്‍ നിന്നും ആശ്വാസ വാര്‍ത്ത. സംസ്ഥാനത്ത് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ നില നിര്‍ത്തി.
പ്രതാപ്ഗഢ്, സുര്‍മ മണ്ഡലങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പിലാണ് വന്‍ ഭൂരിപക്ഷത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറിയത്. പ്രതാപ്ഗഢില്‍ സി.പി.എമ്മിന്റെ രാമുദാസ് തൊട്ടടുത്ത ബി.ജെ.പി. സ്ഥാനാര്‍ഥി മൗസമി ദാസിനെ 17,326 വോട്ടിനാണ് തോല്‍പിച്ചത്.
ഇടത് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന അനില്‍ സര്‍ക്കാരിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് സി.പി.എം മണ്ഡലം നില നിര്‍ത്തുന്നത്.
സുര്‍മ മണ്ഡലത്തില്‍ അഞ്ജന്‍ദാസാണ് വിജയിച്ച സ്ഥാനാര്‍ത്ഥി. ഇവിടെ ബി.ജെ.പിയുടെ അശിഷ് ദാസിനെ 15,309 വോട്ടിനാണ് അഞ്ജന്‍ദാസ് പരാജയപ്പെടുത്തിയത്. എം.എല്‍.എയായിരുന്ന സുധീര്‍ ദാസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയത്.