'സ്വേച്ഛാധിപത്യ ആക്രമണം'; പാര്‍ലമെന്റ് മന്ദിര പരിസരത്ത് പ്രതിഷേധം വിലക്കിയത് പിന്‍വലിക്കണമെന്ന് സി.പി.ഐ.എം
national news
'സ്വേച്ഛാധിപത്യ ആക്രമണം'; പാര്‍ലമെന്റ് മന്ദിര പരിസരത്ത് പ്രതിഷേധം വിലക്കിയത് പിന്‍വലിക്കണമെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2022, 2:58 pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളെ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കുന്ന സ്വേച്ഛാധിപത്യപരമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ. രാജ്യത്തേയും ജനങ്ങളേയും സംബന്ധിക്കുന്ന എല്ലാ സുപ്രധാന കാര്യങ്ങളിലും തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിനായി എം.പിമാര്‍ പ്രതിഷേധങ്ങള്‍ നടത്താറുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത് അവരുടെ ജനാധിപത്യ അവകാശമാണെന്നും പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ പലപ്പോഴും ഉപയോഗിക്കുന്ന ‘കഴിവില്ലായ്മ’ പോലുള്ള പദപ്രയോഗങ്ങള്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക വിപുലീകരിക്കാന്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദേശത്തോടൊപ്പം പ്രതിഷേധങ്ങള്‍ നിരോധിക്കുന്ന ഈ ഉത്തരവും പാര്‍ലമെന്റിനും അതിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും എം.പിമാരുടെ അനിഷേധ്യമായ അവകാശങ്ങള്‍ക്കും നേരെയുള്ള ഏറ്റവും നികൃഷ്ടമായ സ്വേച്ഛാധിപത്യ ആക്രമണമാണ്.

പാര്‍ലമെന്റിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കാതെയുള്ള ഏകപക്ഷീയമായ ഈ തീരുമാനം പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജനാധിപത്യ വിരുദ്ധ നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സി.പി.ഐ.എം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രതിഷേധ ധര്‍ണക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്കേര്‍പ്പെടുത്തിയത്. സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. അഴിമതി, ഏകാധിപതി തുടങ്ങിയ നിരവധി വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങളും വിലക്കിയത്.

രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ.സി. മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിര്‍ദേശങ്ങളോട് പാര്‍ലമെന്റ് അംഗങ്ങള്‍ സഹകരിക്കണമെന്നും സെക്രട്ടറി ജനറല്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ടുള്ള പുതിയ നടപടി.