| Saturday, 11th February 2023, 11:46 pm

പാര്‍ട്ടി ഫണ്ടില്‍ തിരിമറി നടത്തിയെന്ന് പരാതി; പി.കെ. ശശിക്കെതിരെ അന്വേഷണത്തിന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാര്‍ട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയില്‍ പി.കെ. ശശിക്കെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് സി.പി.ഐ.എം. സി.പി.ഐ.എം. ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാര്‍ട്ടിക്ക് മുന്നിലെ പ്രധാന പരാതി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിനു വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയും നേതൃത്വത്തിന് വന്നിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ പോയി അന്വേഷണം നടത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തി. ശനിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം. ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

സി.പി.ഐ.എം. നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാര്‍ട്ടി അറിയാതെയായിരുന്ന ധനസമാഹകരണം നടത്തിയത്. പണം വിനിയോഗിച്ചതിലും ക്രമക്കേടുണ്ടെന്നും ആരോപണവുണ്ട്. ഇഷ്ടക്കാരെ സഹകര സ്ഥാപനങ്ങളിലെ ജോലിയില്‍ തിരുകി കയറ്റിയെന്നും പരാതിയുണ്ട്.

മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മന്‍സൂര്‍ ആണ് സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് മുന്നിലേക്ക്‌ ശശിക്കെതിരായ പരാതികള്‍ രേഖാമൂലം എത്തിച്ചത്. മുമ്പ് സി.പി.ഐ.എം വനിതാ നേതാവിനെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പി.കെ. ശശി സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു.

Content Highlight: CPI(M) to investigate against pk Sasi

We use cookies to give you the best possible experience. Learn more