കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിമത നീക്കത്തില്‍ കടുത്ത നടപടിയുമായി സി.പി.ഐ.എം. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി സി.പി.ഐ.എം. ജില്ലാ നേതൃത്വം പിരിച്ചുവിട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ച് എം.എല്‍.എയായ കുഞ്ഞമ്മദ് കുട്ടിയെ സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
ഞായറാഴ്ച ചേര്‍ന്ന കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ ഏരിയ കമ്മിറ്റിയിലെ രണ്ട് പേരെ പുറത്താക്കിയിട്ടുണ്ട്. കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ.എം. കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ചന്ദ്രി, മറ്റൊരു അംഗം ടി.കെ. മോഹന്‍ദാസ് എന്നിവരെയാണ് പുറത്താക്കിയത്.
പ്രതിഷേധം തടയാത്തതില്‍ കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.കെ. മോഹന്‍ദാസ്, കെ.പി. ചന്ദ്രന്‍, കുന്നുമ്മല്‍ കണാരന്‍ എന്നിവരോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുമുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം, തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച എന്നീ രണ്ട് കാര്യങ്ങള്‍ പരിശോധിച്ചാണ് നേതൃത്വത്തിന്റെ നടപടി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാന്‍ സി.പി.ഐ.എം. തീരുമാനിച്ചിരുന്നു. ഇതിനെതിരെ പരസ്യപ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.
മണ്ഡലം വിട്ടുകൊടുക്കരുതെന്നും കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയ പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സി.പി.ഐ.എമ്മിന് തന്നെ വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നത് സി.പി.ഐ.എമ്മില്‍ പതിവില്ലാത്ത കാഴ്ചയാണ്. ചെങ്കൊടിയുടെ മാനം കാക്കാന്‍ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്.
പൊന്നാനിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും കുറ്റ്യാടിയില്‍ മാത്രമായിരുന്നു പാര്‍ട്ടി പ്രതിഷേധത്തിന് വഴങ്ങിയത്.