| Saturday, 18th March 2023, 10:46 pm

വരാനിരിക്കുന്ന സമരമുഖങ്ങള്‍ക്ക് പ്രതിരോധ ജാഥ പ്രചോദനമാകും: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വരാനിരിക്കുന്ന സമരമുഖങ്ങള്‍ക്ക് ജനകീയ പ്രതിരോധ ജാഥ പ്രചോദനമാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനാധിപത്യ സംരക്ഷണത്തിനായുള്ള ജനകീയ പോരാട്ടങ്ങളുടെ മതനിരപേക്ഷ അടിത്തറ ശക്തമാക്കുന്നതിന് ജാഥ സഹായകരമായെന്നും എം.വി. ഗോവിന്ദന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

‘ജനകീയ പ്രതിരോധ ജാഥയ്ക്ക് തലസ്ഥാനത്ത് തിങ്ങിനിറഞ്ഞ പുത്തരിക്കണ്ടം മൈതാനിയില്‍ സമാപനമായി. 140 മണ്ഡലങ്ങളിലൂടെ, 129 കേന്ദ്രങ്ങളിലായി, ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു മനസായി ഒഴുകിയെത്തിയ പ്രതിരോധത്തിന്റെയും, പോരാട്ടത്തിന്റെയും, സമരചരിത്രമാണ് ഈ മഹാമുന്നേറ്റം എഴുതിവെക്കുന്നത്.
ജാഥയില്‍ ഉടനീളം നമ്മള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ജനങ്ങളുടെ വലിയ പങ്കാളിത്തമാണ് കാണാനായത്.

കലാ കായിക മേഖലയില്‍ നിന്നുള്ളവര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നാടിന്റെ പ്രതിരോധ പോരാട്ടത്തില്‍ അണിചേര്‍ന്നു. കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും രാജ്യത്ത് വ്യാപിക്കുന്ന വര്‍ഗീയതക്കെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങളും മറ്റ് ജനകീയ വിഷയങ്ങളും ജനലക്ഷങ്ങളോട് സംവദിച്ചു കൊണ്ടാണ് ഈ ജാഥ മുന്നേറിയത്.

ജനാധിപത്യ സംരക്ഷണത്തിനായുള്ള ജനകീയ പോരാട്ടങ്ങളുടെ മതനിരപേക്ഷ അടിത്തറ ശക്തമാക്കുന്നതിന് ഈ ജാഥ സഹായകരമായി. പോരാട്ടങ്ങള്‍ക്ക് അവസാനങ്ങളില്ല. അത് ചൂഷണമവസാനിക്കും വരെ തുടര്‍ന്നു കൊണ്ടേയിരിക്കും. വരാനിരിക്കുന്ന സമരമുഖങ്ങള്‍ക്ക് കേരളം ഈ ദിനങ്ങളില്‍ നല്‍കിയ കരുത്ത് പ്രചോദനമായി മാറും,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയത്ത. ദേശീയ തലത്തില്‍ കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘കേരളത്തെ കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിന് മറുപടി പറയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം അത് എളുപ്പമാക്കി. കേരള സര്‍ക്കാര്‍
നല്ല മാതൃകയാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി,’ യെച്ചൂരി പറഞ്ഞു.

Content Highlight: CPI(M) State Secretary M.V.  Govindan said that the people’s defense march will be an inspiration for the upcoming struggles

We use cookies to give you the best possible experience. Learn more