| Wednesday, 19th January 2022, 11:04 pm

മുസ്‌ലിം സമുദായത്തെ വെച്ച് സി.പി.ഐ.എം വര്‍ഗീയത കളിക്കരുത്: ജമാഅത്തെ ഇസ്‌ലാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം മുസ്‌ലിം സമുദായത്തെ വെച്ച് വര്‍ഗീയത കളിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ്റഹ്മാന്‍. കുറച്ചുകാലമായി വര്‍ഗീയ രാഷ്ട്രീയത്തിന്റെ കുടില തന്ത്രമാണ് സി.പി.ഐ.എം കേരളത്തില്‍ പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ഭൂരിപക്ഷ വോട്ടുബാങ്ക് കൂടെനിര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയം. കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെയും അതിനകത്തെ സംഘടനകളെയും ഭീകരവല്‍കരിച്ചും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ചുമാണ് സി.പി.ഐ.എം ഈ കൈവിട്ട കളിക്കിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസത്തിന് പകരം കെട്ട കമ്യൂണലിസ്റ്റ് രാഷ്ട്രീയമാണിവര്‍ പയറ്റുന്നത്. നിരന്തരമായി ജമാഅത്തെ ഇസ്ലാമിയെയും തരംപോലെ മുസ്‌ലിം ലീഗിനെയും തനിക്കാക്കി വെടക്കാക്കുന്ന രീതിയില്‍
സമസ്തയെയും തങ്ങളുടെ നീചമായ രാഷട്രീയ നീക്കത്തിന് കരുവാക്കുകയാണ് സി.പി.ഐ.എം.

ഇപ്പോള്‍ ഏറ്റവുമവസാനം കോണ്‍ഗ്രസ് നേതൃത്വത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച ചോദ്യശരങ്ങളിലൂടെ മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ തങ്ങളുടെ രാഷട്രീയ ഗോദയിലെ ആയുധമാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുജീബ്‌റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

മുജീബ്റഹ്മാന്റെ വാക്കുകള്‍

സി.പി.ഐ.എമ്മിന്റെ പ്രകടമായ ഈ വര്‍ഗീയ തീക്കളി കേരളം കണ്ടുതുടങ്ങിയിട്ട് കുറച്ചു കാലമായിരിക്കുന്നു.
‘കുഞ്ഞൂഞ്ഞ് – കുഞ്ഞാലിക്കുട്ടി -കുഞ്ഞുമാണി’ എന്ന പ്രസ്താവന നടത്തിയ സി.പി.ഐ.എം പിന്നീട്
‘ഹസ്സന്‍- അമീര്‍- കുഞ്ഞാലിക്കുട്ടി’
എന്ന രീതിയില്‍ അതിനെ വികസിപ്പിച്ചു.
പിന്നീട് മുസ്‌ലിം ലീഗ് യു.ഡി.എഫിനെ നയിക്കുന്നുവെന്നും അതുംകടന്ന് ലീഗിനെ ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്നുവെന്നും എന്നിട്ടും പോരാഞ്ഞ്
‘ലീഗില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മാവ് പ്രവേശിച്ചിരിക്കുന്നു”
എന്നുവരെ സി.പി.ഐ.എം പ്രസ്താവനയിറക്കി.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായും അല്ലാതെയും തങ്ങളോട് പലപ്പോഴായി ചേര്‍ന്നു നിന്ന പ്രബല മുസ്‌ലിം സംഘടനകളെയാണ് സി.പി.ഐ.എം ഇപ്പോള്‍ വിയോജിപ്പിന്റെ പേരില്‍ വര്‍ഗീയ കോളത്തില്‍ പെടുത്തി ഭീകരമുദ്ര ചാര്‍ത്തുന്നത്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് കോണ്‍ഗ്രസിന് നേരെ സി.പി.ഐ.എം സെക്രട്ടറി ഉയര്‍ത്തിയിരിക്കുന്ന ‘കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല’ എന്ന പ്രസ്താവന.

14 ജില്ലകളില്‍ ഇലക്ഷന്‍ പൂര്‍ത്തിയായപ്പോഴും പേരിന് ഒരു മുസ്‌ലിമിനെ പോലും
പ്രതിഷ്ഠിക്കാനാവാത്ത കോടിയേരിയും പിണറായിയും നയിക്കുന്ന സി.പി.ഐ.എം മുസ്‌ലിം സമുദായത്തെ മുന്നില്‍വെച്ച് കോണ്‍ഗ്രസിനോട് നടത്തുന്ന ഈ പോര്‍വിളി ഏറെ പരിഹാസ്യവും അവരുടെ പതിവ് വര്‍ഗീയ രാഷ്ട്രീയക്കളിയുമാണ്.

അതിലുപരി സംവരണം, സച്ചാര്‍ കമ്മറ്റി ശിപാര്‍ശകള്‍, വഖഫ് തുടങ്ങി സമുദായത്തിന്റെ മുഴുവന്‍ അവകാശങ്ങളും കവര്‍ന്നെടുത്ത ശേഷമുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ മുസ്‌ലിം സമുദായത്തെ ചൊല്ലിയുള്ള വാഗ്വിലാസങ്ങള്‍ നിന്ദ്യമായ
അവഹേളനയായി മാത്രമേ കാണാന്‍ കഴിയൂ.

ഒരു കാര്യം സി.പി.ഐ.എമ്മടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ഓര്‍ക്കുന്നത് നന്ന്. സംഘടനാ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി എ.കെ.ജി സെന്ററിന് മുമ്പിലോ
ഇന്ദിരാഭവനിന് മുമ്പിലോ വന്ന് ഈ സമുദായം ഒരു കാലത്തും കൈ നീട്ടിയിട്ടില്ല. എന്നിട്ടും അതിലെല്ലാം നിങ്ങള്‍ കാണിച്ച ‘ജനാധിപത്യ’ ബോധവും ‘മതേതര’ സംസ്‌കാരവും സമുദായത്തിന് നന്നായറിയാം. പാര്‍ട്ടി പോസ്റ്ററുകളിലും പാര്‍ട്ടി സമ്മേളനങ്ങളിലും നാട്ടിനിര്‍ത്തപ്പെട്ടവരുടെ
തലയെണ്ണിയാല്‍ കിട്ടുന്നതാണ് ആ കണക്ക്. അവഗണനയാവാം …..
പക്ഷെ അപമാനം ഈ സമുദായം
വെച്ച് പൊറുപ്പിക്കില്ല.
അങ്ങിനെ എല്ലാവര്‍ക്കും വന്ന് കൊട്ടാനുള്ള ചെണ്ടയല്ല മുസ്‌ലിം സമുദായം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  CPI M should not play sectarianism against Muslim community: Jamaat-e-Islami

We use cookies to give you the best possible experience. Learn more