മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തെ വര്‍ഗീയവത്ക്കരിക്കാനുള്ള മുസ്ലിംലീഗ് നീക്കം ആപത്ക്കരമാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്.
വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും, നീതിപൂര്‍വ്വകവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടിയെ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സമുദായത്തിനെതിരെ ചിത്രീകരിക്കുന്നത് അപലപനീയമാണ്.
വഖഫ് ബോര്‍ഡില്‍ മറ്റു സമുദായത്തില്‍നിന്നുള്ളവര്‍ക്ക് ജോലി ലഭിക്കും എന്ന വാദം ബാലിശമാണ്. നിയമത്തിലെ മൂന്നാം വകുപ്പില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുസ്‌ലിം സമുദായത്തില്‍പെട്ട അര്‍ഹരായ യുവതി-യുവാക്കള്‍ വകുപ്പുകളിലെ തലപ്പത്ത് വരുന്നതിനെ ലീഗ് ഭയപ്പെടുന്നത് വിചിത്രമാണെന്നും സി.പി.ഐ.എം പറഞ്ഞു.
അവിശ്വാസികള്‍ കയറിക്കൂടും എന്ന വാദവും പരിഹാസ്യമാണ്. ബോര്‍ഡിന്റെ കീഴില്‍ കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് ഇതിനകം അന്യാധീനപ്പെട്ടത്. ഇതുതിരിച്ചുപിടിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തവരാണ് വിശ്വാസ പ്രശ്‌നം ഉയര്‍ത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയമങ്ങളുമായി കോര്‍ത്തിണക്കി വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും സി.പി.ഐ.എം പറഞ്ഞു.
ഹിന്ദു സമുദായത്തിലെ ജാതീയ വേര്‍തിരിവുകള്‍ ആണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിലെ പ്രശ്‌നം. എന്നാല്‍ ജാതി വേര്‍തിരിവില്ലാത്ത മുസ്‌ലിം സമുദായത്തില്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നില്ല. അങ്ങേയറ്റം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കം നാടിന്റെ നന്മകൊതിക്കുന്ന വിശ്വാസിസമൂഹം തള്ളിക്കളയണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.