കേരളം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.ഐ.എം; ജനങ്ങളെ സാഹചര്യം ബോധ്യപ്പെടുത്തും
Kerala News
കേരളം ഇന്ധനനികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സി.പി.ഐ.എം; ജനങ്ങളെ സാഹചര്യം ബോധ്യപ്പെടുത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th November 2021, 2:23 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും സംസ്ഥാന നികുതി കുറയ്ക്കേണ്ടെന്ന് സി.പി.ഐ.എം.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ഇതുവരെ കേരള സര്‍ക്കാര്‍ ഇന്ധനത്തിന് മുകളിലെ സംസ്ഥാന വാറ്റ് കൂട്ടിയിട്ടില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം.

സി.പി.ഐ.എം സംസ്ഥാന സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാനും സംസ്ഥാന നിലപാട് ജനത്തെ ബോധ്യപ്പെടുത്താനുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.

കേന്ദ്ര തീരുമാനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ വില കുറച്ചിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന ന്യായമാണ് സി.പി.ഐ.എം മുന്നോട്ടുവെക്കുന്നത്.

കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കുറയ്ക്കാനാവില്ലെന്നുമാണ് ധനമന്ത്രി കെ. ബാലഗോപാല്‍ പറഞ്ഞത്.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍ ആനുപാതികമായി നികുതി കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ചു.

നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇന്ധന വില വര്‍ധനക്കെതിരായ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെതിരെ മാത്രമാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: CPI (M) says Kerala not want to reduce fuel tax