|

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.ഐ.എമ്മിന്റെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കും; എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുര: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.ഐ.എമ്മിന്റെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങളിലൂടെ കഴിയുമെന്ന് നിയുക്ത സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി.

നവഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വെല്ലുവിളി സംസ്ഥാനം നേരിടുന്നുണ്ടെന്നും അമിതാധികാരപരമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണമെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തന്നെയാണ് പാര്‍ട്ടിയുടെ മുമ്പിലുള്ള വെല്ലുവിളികളെന്നും പാര്‍ട്ടി കോണ്‍ഗ്രസെടുത്ത തീരുമാനങ്ങള്‍ രാജ്യത്തുള്ള കമ്മറ്റികളെല്ലാം സജീവമായി കണ്ട് ഏറ്റെടുത്ത് കഴിഞ്ഞാല്‍ രാഷ്ട്രീയ തീരുമാനങ്ങളെല്ലാം നടപ്പിലാക്കാന്‍ കഴിയുമെന്നും എം.എ ബേബി പറഞ്ഞു.

സംഘടനാ പരമായ പുനശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ടെന്നാണ് സംഘടനാ പരമായ അഭിപ്രായമെന്നും അത് പാര്‍ട്ടി സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും നവഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്ന സംഘപരിവാറിനെതിരായി ഏറ്റവും വിശാലമായ രാഷ്ട്രീയ യോജിപ്പ് വളര്‍ത്തിയെടുക്കുമെന്നും എന്നാല്‍ ഇത് ഓരോ സംസ്ഥാനത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സഖ്യത്തിലുള്ള ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ചത് അതിനുദാഹരണമാണെന്നും ബംഗാളിലും ത്രികോണ മത്സരമായിരുന്നെന്നും തമിഴ്‌നാട്ടിലും ബി.ജെ.പി വിരുദ്ധ സഖ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിന്റെ സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കണമെന്നും ജനജീവിത പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് അവകാശങ്ങള്‍ നേടാനായുള്ള സമരങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Content Highlight: CPI(M)’s intervention in Indian politics will increase its capacity; M.A. Baby

Latest Stories

Video Stories