| Friday, 4th February 2022, 8:57 pm

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകായുക്ത വിമര്‍ശനത്തില്‍ കെ.ടി. ജലീലിനെ തള്ളി സി.പി.ഐ.എം. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന് അത്തരം അഭിപ്രായങ്ങളില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ജലീലിന്റെ അഭിപ്രായം വ്യക്തിപരമാണ്. അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ജലീല്‍ പറയുന്നത് സി.പി.ഐ.എമ്മിന്റെ അഭിപ്രായമല്ല. ലോകായുക്തക്കെതിരെ സി.പി.ഐ.എം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ സി.പി.ഐക്ക് എതിര്‍പ്പ് രേഖപ്പെടുത്താമായിരുന്നു. പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവുമില്ല. സി.പി.ഐയുമായി ചര്‍ച്ച ചെയ്യും. ഇത് കാരണം ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലാണ്. ബിന്ദുവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് മനസിലായി. മന്ത്രി തെറ്റ് ചെയ്തില്ലെന്ന് കോടതി തന്നെ പറഞ്ഞെന്നും കോടിയേരി പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാറുമായി ഒരു തര്‍ക്കവുമില്ല. നിയമസഭ സമ്മേളനം നിശ്ചയിക്കാത്തത് ഗവര്‍ണറുടെ തീരുമാനം വൈകുന്നതു കൊണ്ടല്ല. കൊവിഡ് വ്യാപിക്കുന്നതു കൊണ്ടാണെന്നും കോടിയേരി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ അനുമതി നിഷേധിച്ചു എന്നത് തെറ്റാണ്. വിഷയം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ഇപ്പോഴുള്ളത് രാഷ്ട്രീയ എതിര്‍പ്പ് മാത്രമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള കെ.ടി. ജലീലിന്റെ വിമര്‍ശനവും പരിഹാസവും തുടരുകയാണ്. ഔദ്യോഗിക ജീവിതത്തില്‍ സിറിയക് ജോസഫ് അലസനാണെന്നും കേസുകളില്‍ വിധി പറയാത്ത ന്യായാധിപനാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഏഴ് കേസില്‍ മാത്രമാണ് സിറിയക് ജോസഫ് വിധി പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. അഭയാക്കേസില്‍ നാര്‍ക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശനം നടത്തിയെന്നും കഴിഞ്ഞ ദിവസം ജലീല്‍ ആരോപണമുന്നയിച്ചിരുന്നു. നാര്‍ക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറന്‍സിക് ലാബ് ഡയറക്ടറുടെ മൊഴി ചേര്‍ത്തായിരുന്നു കഴിഞ്ഞ ദിവസത്തെ ജലീലിന്റെ കുറിപ്പ്.

മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെന്നായിരുന്നു ജലീല്‍ നേരത്തെ സിറിയക് തോമസിനെതിരെ ഉന്നയിച്ച ആരോപണം.

എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകളും കെ.ടി. ജലീല്‍ പുറത്തുവിട്ടിരുന്നു.

കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിന് സിറിയക്കിന്റെ ഭാര്യ ഡോ. ജാന്‍സി ജെയിംസിന് മഹാത്മഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വാങ്ങി കൊടുത്തതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ പുതിയ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നായിരുന്നു കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്നും ജലീല്‍ കുറിച്ചിരുന്നു.

Content Highlights:  CPI M rejected Lokayukta criticizes of KT Jaleel

We use cookies to give you the best possible experience. Learn more