ദല്‍ഹി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: സി.പി.ഐ.എം പോളിറ്റ് ബ്യൂറേ
national news
ദല്‍ഹി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: സി.പി.ഐ.എം പോളിറ്റ് ബ്യൂറേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 12:50 pm

ന്യൂദല്‍ഹി: ദല്‍ഹി ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമാണെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ. ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും പി.ബി. പറഞ്ഞു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിന് പൊതു സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നും പി.ബി പറഞ്ഞു. ബംഗാളിലെ സാഹചര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പി.ബി. തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘കോണ്‍ഗ്രസിന്റെ പല നിലപാടുകളും വിശാല പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്നത് പോലെയാണ്. ഈ നിലപാടുമായി മുന്നോട്ട് പോകുകയാണെങ്കില്‍ വരാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ദല്‍ഹി ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മടിക്കുന്നത്,’ പി.ബി. ചോദിച്ചു.

ഓര്‍ഡിനന്‍സിനെതിരെ പട്‌നയില്‍ വെച്ച് നടന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. യോഗത്തിന് ശേഷം കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതികരിച്ചായിരുന്നു കെജ്‌രിവാള്‍ യോഗം കഴിഞ്ഞയുടനേ മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദല്‍ഹി ഓര്‍ഡിനന്‍സില്‍ ഏത് നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനിടയിലാണ് ദല്‍ഹി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തണമെന്ന നിര്‍ദേശം പി.ബി. മുന്നോട്ട് വെച്ചിരിക്കുന്നത്.

ഓര്‍ഡിനന്‍സ് പോലുള്ള പ്രധാനപ്പെട്ട വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത് കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകാന്‍ എ.എ.പിക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് യോഗം കഴിഞ്ഞയുടന്‍ ആം ആദ്മി പ്രസ്താവനയിറക്കിയിരുന്നു.

ഓര്‍ഡിനന്‍സിനെതിരേ പരസ്യ നിലപാടെടുക്കുകയും കോണ്‍ഗ്രസിന്റെ എം.പിമാര്‍ രാജ്യസഭയിലെ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യാതെ തുടര്‍ന്നുള്ള പ്രതിപക്ഷ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എ.എ.പിക്ക് സാധിക്കില്ലെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ എ.എ.പി പറഞ്ഞിരുന്നു.

അതേസമയം ജൂലൈ 10നും 11നും ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീണ്ടും പ്രതിപക്ഷ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

2024 ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ഏതെല്ലാം സീറ്റുകളില്‍ ആരെല്ലാം മത്സരിക്കണമെന്നതിനെ കുറിച്ചും ഷിംലയില്‍ നടക്കുന്ന ദ്വിദിന യോഗത്തില്‍ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍,ഹേമന്ത് സോറന്‍, ഉദ്ധവ് താക്കറെ, ശരദ് പവാര്‍, ലാലു പ്രസാദ് യാദവ്, ഭഗവന്ത് മന്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, കെ.സി. വേണുഗോപാല്‍, സുപ്രിയ സുലെ, മനോജ് ഝാ, ഫിര്‍ഹാദ് ഹക്കിം, പ്രഫുല്‍ പട്ടേല്‍, രാഘവ് ഛദ്ദ, സഞ്ജയ് സിങ്, സഞ്ജയ് റാവത്ത്, ലാലന്‍ സിങ്, സഞ്ജയ് ഝാ, ടി. ആര്‍. ബാലു, ദിപാങ്കര്‍ ഭട്ടാചാര്യ, തേജസ്വി യാദവ്, അഭിഷേക് ബാനര്‍ജി, ആദിത്യ താക്കറെ, ഡി. രാജ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

content highlights: CPI-M Politburo wants Congress to clarify its stand on Delhi Ordinance