ന്യൂദല്‍ഹി: ജമ്മു- കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ശ്രീ. സത്യപാല്‍ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ മോദി സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ.
40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന ആരോപണം രാജ്യസുരക്ഷ സംബന്ധിച്ച് ഗൗരവതരമായ ആശങ്ക ജനിപ്പിക്കുന്നതാണെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിടിച്ച പ്രസ്താവനയില്‍ പറഞ്ഞു.
‘രാജ്യസുരക്ഷയുടെ കാര്യത്തില്‍ പിഴവുകള്‍ സംഭവിക്കുന്നത് വെച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ല. ഭരണഘടനയുടെ 370-ാം, 35 എ അനുച്ഛേദങ്ങള്‍ അസാധുവാക്കി ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചതിനെക്കുറിച്ച് ഉയര്‍ന്ന ആരോപണവും ഗൗരവതരമാണ്.
ഇക്കാര്യത്തില്‍ മോദിസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം രാജ്യസുരക്ഷ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും എന്നിവയില്‍ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും. രാജ്യസുരക്ഷയും ഭരണഘടനാമൂല്യങ്ങളും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. മോദി സര്‍ക്കാര്‍ മൗനം തുടരാന്‍ പാടില്ല,’ സി.പി.ഐ.എം പി.ബി. പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് 2019ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയതായി തുറന്ന് പറഞ്ഞത്.
സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന അജിത് ഡോവലും ചേര്‍ന്ന് തന്നോട് ആവശ്യപ്പെട്ടെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.
പുല്‍വാമയില്‍ സൈനികരെ കൊണ്ടുപോകാനായി സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ദി വയറിന് നല്‍കിയ അഭുമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍.
Content Highlight: CPIM Politburo says Modi government has obligation to give clear reply to all serious allegations leveled by Satya Pal Malik