| Monday, 31st May 2021, 10:02 am

ആര്‍.എസ്.എസിന്റെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന പോലെ; ലവ് ജിഹാദ് പ്രസംഗിച്ചവരെയൊക്കെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴിതി.

‘കേരളത്തിലെ ഹിന്ദുക്കളില്‍ മുസ്‌ലിം പേടി ഉണ്ടാക്കി ഭൂരിപക്ഷമതവിഭാഗത്തിന്റെ നേതാക്കളാവാനായിരുന്നു ആര്‍.എസ്.എസ് ഒരു നൂറ്റാണ്ട് ശ്രമിച്ചത്. പക്ഷേ, ഹിന്ദുക്കള്‍ ഈ വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. അപ്പോള്‍ എങ്ങനെ പിടിച്ചുനില്‍ക്കാം എന്ന ചിന്തയില്‍ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളില്‍ മുസ്‌ലിം വിരോധം കുത്തിവച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആര്‍.എസ്.എസ് ചിന്തിക്കുന്നത്. അതായത്, മുസ്‌ലിം
വിരോധം ആവുംവിധം ആളിക്കത്തിച്ചിട്ടും ഹിന്ദുക്കളെ പാട്ടിലാക്കാന്‍ പറ്റാത്തിടത്ത് ക്രിസ്ത്യാനികളെ ചൂണ്ടയില്‍ കൊരുക്കാനാവുമോ എന്നൊരു ചിന്ത!

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സൂചനകള്‍ നോക്കിയാല്‍ തന്നെ വ്യക്തമാണ്, ഈ ശ്രമം പാളിപ്പോയി. ‘ലവ് ജിഹാദ്’ തുടങ്ങിയ ഇല്ലാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അത്തരംചിന്ത ആളിക്കത്തിക്കാന്‍ ആര്‍.എസ്.എസ് നടത്തിയ ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടായില്ല,’ എം.എ ബേബി പറഞ്ഞു.

ചില ക്രിസ്ത്യന്‍ വര്‍ഗീയവാദികളും മറ്റും ഇതിന് ഒത്താശ ചെയ്തിട്ടും ക്രിസ്തു മതവിശ്വാസികളില്‍ ആരും ഈ കെണിയില്‍ വീണില്ലെന്നും മതവിദ്വേഷം ഉണര്‍ത്തി വോട്ടു നേടാനാവുമോ എന്നു ശ്രമിച്ച പി.സി ജോര്‍ജിനെപ്പോലുള്ളവരും ദയനീയമായി പരാജയപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയില്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണ്. കേരളരാഷ്ട്രീയത്തിന്റെ പുറമ്പോക്കിലാണ് ഇന്നും ആര്‍.എസ്.എസിന് സ്ഥാനം. കേരളത്തിലെ ഹിന്ദുക്കളില്‍ മുസ്‌ലിം പേടി ഉണ്ടാക്കി ഭൂരിപക്ഷമതവിഭാഗത്തിന്റെ നേതാക്കളാവാനായിരുന്നു ആര്‍.എസ്.എസ് ഒരു നൂറ്റാണ്ട് ശ്രമിച്ചത്.

പക്ഷേ, ഹിന്ദുക്കള്‍ ഈ വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്പോഴും കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നണിക്ക് മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. നിയമസഭയിലേക്ക് ഇത്തവണ അവരാരും ജയിച്ചുമില്ല. നാരായണഗുരുവും മറ്റ് നവോത്ഥാന നായകരും ഉഴുതുമറിച്ച മണ്ണില്‍ തങ്ങളുടെ വര്‍ഗീയരാഷ്ട്രീയം നടപ്പാവില്ല എന്ന് ആര്‍.എസ്.എസ് ഇന്ന് മനസ്സിലാക്കുന്നു.

അപ്പോള്‍ എങ്ങനെ പിടിച്ചുനില്‍ക്കാം എന്ന ചിന്തയില്‍ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളില്‍ മുസ്‌ലിം വിരോധം കുത്തിവച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആര്‍.എസ്.എസ് ചിന്തിക്കുന്നത്. അതായത്, മുസ്‌ലിം
വിരോധം ആവുംവിധം ആളിക്കത്തിച്ചിട്ടും ഹിന്ദുക്കളെ പാട്ടിലാക്കാന്‍ പറ്റാത്തിടത്ത് ക്രിസ്ത്യാനികളെ ചൂണ്ടയില്‍ കൊരുക്കാനാവുമോ എന്നൊരു ചിന്ത! കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സൂചനകള്‍ നോക്കിയാല്‍ തന്നെ വ്യക്തമാണ്, ഈ ശ്രമം പാളിപ്പോയി. ‘ലവ് ജിഹാദ്’ തുടങ്ങിയ ഇല്ലാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അത്തരംചിന്ത ആളിക്കത്തിക്കാന്‍ ആര്‍.എസ.എസ് നടത്തിയ ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടായില്ല.

ചില ക്രിസ്ത്യന്‍ വര്‍ഗീയവാദികളും മറ്റും ഇതിന് ഒത്താശ ചെയ്തിട്ടും ക്രിസ്തു മതവിശ്വാസികളില്‍ ആരും ഈ കെണിയില്‍ വീണില്ല. ക്രിസ്ത്യാനികളുടെ വോട്ട് എവിടെയെങ്കിലും വലിയതോതില്‍
ആര്‍ എസ് എസ് മുന്നണിക്ക് ലഭിച്ചതായി ഒരു സൂചനയും ഇല്ല
മതവിദ്വേഷം ഉണര്‍ത്തി വോട്ടു നേടാനാവുമോ എന്നു ശ്രമിച്ച പി.സി ജോര്‍ജിനെപ്പോലുള്ളവരും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

മധ്യകേരളത്തില്‍ ലവ് ജിഹാദ് എന്നൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചവരെയൊക്കെ ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ജനത തള്ളിക്കളഞ്ഞ കാഴ്ചയാണ് നമ്മള്‍ കണ്ടത്.

ആര്‍.എസ്. എസ് നടത്തുന്ന വര്‍ഗീയവിഭജനശ്രമം ക്രിസ്ത്യാനികള്‍ക്കിടയില്‍ നടക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്.

അതുകൊണ്ട് ആര്‍.എസ്.എസ് മാലാഖാവേഷത്തില്‍ വന്നാലും കാക്കി നിക്കറും പരമതവിദ്വേഷം ബലം നല്‍കുന്ന മുളവടിയും അവര്‍ക്ക് കാണാനാവും. നിങ്ങളുടെ പുസ്തകങ്ങളില്‍ ക്രിസ്ത്യാനികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എഴുതിയിരിക്കുന്നു എന്നു വായിച്ചു മനസ്സിലാക്കാന്‍ ശേഷിയുള്ള ക്രിസ്ത്യാനികള്‍ ഇപ്പോഴും ഈ നാട്ടില്‍ ഉണ്ട്. നിലയ്ക്കല്‍ പ്രശ്‌നത്തിന്റെ കാലം മുതല്‍ കേരളത്തിലെ ക്രിസ്ത്യാനികളോട് ആര്‍ എസ് എസ് എടുത്ത സമീപനവും ഈ മതവിശ്വാസികള്‍ക്ക് അറിയാം.

മറ്റു സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് ക്രിസ്തീയപുരോഹിതരോടും കന്യാസ്ത്രീകളോടും കാണിക്കുന്ന അക്രമവും ഇവിടെ എല്ലാവര്‍ക്കും നല്ലവണ്ണം അറിയാം. നഞ്ചെന്തിന് നന്നാഴി എന്നാണല്ലോ, വിരലിലെണ്ണാവുന്നവരാണെങ്കിലും ക്രിസ്ത്യന്‍ വര്‍ഗീയവാദവുമായി രംഗത്തുവന്നിട്ടുള്ള അപക്വമതികളെ ക്രിസ്തീയവിശ്വാസികള്‍ വീട്ടുമുറ്റത്തുപോലും കയറ്റില്ല എന്നെനിക്ക് ഉറപ്പുണ്ട്. വിദ്വേഷമല്ല, സ്‌നേഹമാണ് ക്രിസ്തു പഠിപ്പിച്ചത്.

അപരനെ സ്‌നേഹിക്കാന്‍. നാരായണഗുരു ചിന്തകള്‍ കേരളീയ മനസ്സില്‍ നിറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തുവിന്റെ സന്ദേശങ്ങളിലെ ഈ സ്‌നേഹവും എല്ലാ വിഭാഗം മലയാളികളുടെയും മനസ്സിനെ നിറച്ചതാണ്. അതുകൊണ്ട് നാലഞ്ച് ക്രിസ്ത്യന്‍ വര്‍ഗീയവാദികളെക്കണ്ട് ആര്‍.എസ്.എസ് മനപ്പായസമുണ്ണണ്ട. പക്ഷേ, നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ. അതിനാല്‍ ക്രിസ്ത്യാനികളെ ആര്‍.എസ്.എസ് പക്ഷത്തു ചേര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ എല്ലാ മതേതരവാദികളും കരുതലോടെ ഇരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

CONTENT HIHGHLIGHTS : CPI (M) politburo member MA Baby Against RSS in Christian-Muslim issue

We use cookies to give you the best possible experience. Learn more