national news
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഗുരുതരം; മാധബി പുരി ബുച്ച് സ്ഥാനമൊഴിയണം; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 11, 04:53 pm
Sunday, 11th August 2024, 10:23 pm

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. സെബി മേധാവി മാധബി പുരി ബുച്ച് സ്ഥാനമൊഴിയണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഗൂഢമായ നിഴല്‍കമ്പനികളില്‍ മാധബി ബാച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവകരമാണെന്ന് സി.പി.ഐ.എം പി.ബി ചൂണ്ടിക്കാട്ടി.

വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്നും കൃത്യമായ അന്വേഷണം നടക്കുന്നതുവരെ മാധബി ബുച്ച് സെബിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ചുള്ള മുഴുവന്‍ സംഭവങ്ങളും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കണമെന്നും സി.പി.ഐ.എം പി.ബി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം സെബിക്കും മാധബി പുരി ബുച്ചിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ത്തുന്നത്. ഒരു ബ്ലോക്ക്ഡ് അക്കൗണ്ടിനെ വിഡ്ഢികള്‍ ന്യായീകരിക്കുന്നത് രസകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. സുതാര്യതയ്ക്ക് പകരം നിരീക്ഷണങ്ങള്‍ തടയാന്‍ വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് പൂട്ടാന്‍ തീരുമാനിച്ചത് രാജ്യത്തിന് തന്നെ മോശമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

ഹിന്‍ഡെന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും പ്രതികരിച്ചു. നടന്നത് വലിയ അഴിമതിയാണെന്നും ക്രിമിനല്‍ ഗൂഢാലോചനയാണെന്നും സുപ്രിയ പറഞ്ഞു. ജയറാം രമേശ്, കാര്‍ത്തി ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കളും സെബിക്കെതിരെ വിമര്‍ശനം രംഗത്തെത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവര്‍ഷം പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍.

Content Highlight: CPI(M) Polit Bureau wants SEBI chief Madhabi Puri Buch to resign