കണ്ണൂര്‍: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എഴുത്തിന്റെ പേരില്‍ ഒരു എഴുത്തുകാരന്‍ ആക്രമിക്കപ്പെടുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവാത്ത കാര്യമാണെന്ന് എം.എ. ബേബി പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.
സല്‍മാന്‍ റുഷ്ദിയുടെ എഴുത്തിനോട് നിങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടത്. മതവിശ്വാസത്തിന്റെ പേരില്‍ എഴുത്തുകാരന്‍ ആക്രമിക്കപ്പെടുന്ന ലോകം അത്രയും പ്രാകൃതമാണ്, അത് ക്രിസ്ത്യാനികള്‍ ചെയ്താലും മുസ്‌ലിങ്ങള്‍ ചെയ്താലും ഹിന്ദുക്കളുടെ ചെയ്ത്ത് ആയാലും ജൂതരുടെ പണി ആയാലും ബൗദ്ധരുടെ പ്രവൃത്തി ആയാലും.
വിയോജിപ്പും വിമര്‍ശനവും ആരുടേയും ഉന്മൂലനത്തിലൂടെ ആവരുത്. മതത്തിന്റെ പേരിലുള്ള സംഘടിത ഹിംസകളും കൂട്ടക്കുരുതികളും ഒരുമതത്തിന്റേയും മാനവിക വായനകള്‍ക്ക് നിരക്കുന്നതല്ല. പ്രതിലോമ രാഷ്ട്രീയത്തിനു ഇന്ധനമായി, വൈകാരികമായി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്ഥാനമോഹികളാണ് വര്‍ഗീയകൂട്ടക്കൊലകള്‍ക്കും വംശീയ ഉന്മൂലനത്തിനും മത പ്രതിനിധാനങ്ങളേയും പ്രവാചകരേയും സംരക്ഷിക്കുന്നവരാണെന്ന അവകാശവാദവുമായി കൊലവിളിനടത്തുന്നതും കൂട്ടക്കൊലയാളികളെ ആയുധമണിയിച്ച് ഒരുക്കിയിറക്കുന്നതും. ഇക്കൂട്ടര്‍ ഓരോമതത്തിലും ചെറുന്യtനപക്ഷമാണെന്നും എം.എ. ബേബി പറഞ്ഞു.
വര്‍ഗീയവാദികളായിട്ടില്ലാത്ത ഓരോമതത്തിലേയും സാധാരണവിശ്വാസികളെക്കൂടി ബോധപൂര്‍വവും ക്ഷമയോടെയും മതേതരത്വത്തിനും മതസൗഹാര്‍ദത്തിനും വേണ്ടിയുള്ള വിശാലസമര വേദിയില്‍ അണിനിരത്താന്‍ കഠിനശ്രമം ആവശ്യമാണ്. എന്നാല്‍ മാത്രമേ മതകലഹങ്ങളുടേയും കൂട്ടക്കൊലകളുടേയും ചോരക്കളമായി മനുഷ്യസമൂഹം സര്‍വ്വനാശത്തിലേക്കു നീങ്ങുന്നത് തടയാന്‍ സാധിക്കുകയുള്ളു. ഓരോ രാഷ്ട്രസമൂഹത്തിലും ഭൂരിപക്ഷമതമോ വംശമോ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിച്ച് എല്ലാതരം ന്യൂനപക്ഷങ്ങളേയും അരക്ഷിതരാക്കുന്നതാണ്, അവരില്‍നിന്ന് തീവ്രവാദപരമായ തിരിച്ചടികള്‍ക്ക് പ്രകോപനമുണ്ടാക്കുന്നതും അത്തരം ബദല്‍സായുധദളങ്ങളുടെ സംഘാടനത്തിന് സാഹചര്യം ഒരുക്കുന്നതും. ആര്‍.എസ്.എസും ഒരു മേധാവി രാഷ്ട്രം എന്ന നിലയില്‍ യു.എസ്.എയും ഇത്തരം സംഘടനകള്‍ക്കും അതിക്രമങ്ങള്‍ക്കും അരങ്ങൊരുക്കിയിട്ടുണ്ടെന്നതും വെളിപ്പെട്ടിട്ടുള്ള വസ്തുതയാണല്ലോ.
അതിനാല്‍ ഭൂരിപക്ഷത്തിന്റെ മേല്‍വിലാസത്തില്‍ അരങ്ങേറുന്ന വര്‍ഗീയതയും ഭീകരപ്രവര്‍ത്തനങ്ങളും ഫാസിസമാകാവുന്ന അതിഭയാനക ഭീഷണിയാണ് എന്നിരിക്കെത്തന്നെ, ഫലത്തില്‍ അതിന് വെള്ളവും വളവും ന്യായീകരണവും പകര്‍ന്നുകൊടുക്കുന്നവരാണ് ന്യൂനപക്ഷ വര്‍ഗീയ- ഭീകരവാദ ദളങ്ങള്‍. അവര്‍ ഇതൊക്കെചെയ്യുന്നത് ഭൂരിപക്ഷത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കൊടുംപ്രതിലോമ ഭീകരവാദികള്‍ക്കെതിരേ തങ്ങള്‍ പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് സ്വയം തെറ്റിദ്ധരിച്ചുകൊണ്ടാണുതാനും!
അതിനാല്‍ ന്യുനപക്ഷവര്‍ഗീയതയും അതിക്രമങ്ങളും സംഘപരിവാര്‍ ഫാസിസ്റ്റിക്ക് ഭീകരതയുമായി തുല്യം ചാര്‍ത്തിഅവതരിപ്പിച്ചുകൂടാ എന്നതില്‍ സംശയമില്ലെന്നിരുന്നാലും ന്യൂനപക്ഷ വര്‍ഗീയത നിരുപദ്രവകരമാണെന്ന് ഒരിക്കലും പറയാനാവില്ല. അത് ഭൂരിപക്ഷവര്‍ഗീയതയുടെ ന്യായീകരണസ്ഥാനമാണ്. ന്യൂനപക്ഷ വര്‍ഗീയതയെ സാധാരണഗതിയില്‍ ഉത്പാദിപ്പിക്കുന്നത് ഭൂരിപക്ഷത്തിന്റ പേരിലുള്ള തീവ്രവാദവും കൂട്ടക്കുരുതികളും ആണെന്നത് മറ്റൊരുസത്യമെന്നും ബേബി പറഞ്ഞു.
‘അഭയാര്‍ത്ഥികളാവുന്ന എഴുത്തുകാര്‍ക്ക് യു.എസ്.എ ഒരു അഭയം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ ആരംഭിക്കവേയാണ് റുഷ്ദി ആക്രമിക്കപ്പെട്ടത്. ന്യൂജെഴ്‌സിയിലെ താമസക്കാരനായ ഹാദി മാതര്‍ എന്ന 24 വയസ്സുകാരനാണ് റുഷ്ദിയെ ഇന്നലെ യോഗസ്ഥലത്ത് വച്ച് ആവര്‍ത്തിച്ചു കുത്തിയത്. അടിയന്തര ചികിത്സയിലുള്ള റുഷ്ദിയുടെ ഒരു കണ്ണിനും കരളിനും കൈയിലെ ഞെരമ്പിനും പരിക്കേറ്റു. എന്നാലും റുഷ്ദി ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നു എന്നാണ് വാര്‍ത്തകള്‍.
അക്രമിയുടെ ലക്ഷ്യം വ്യക്തമല്ല എന്നാണ് ന്യൂയോര്‍ക്ക് പൊലീസ് പറയുന്നത്. ലബനനില്‍ വേരുകളുള്ള ഇറാനിലെ മതരാഷ്ട്രമേധാവിത്വത്തോട് ആരാധനയുള്ള വ്യക്തിയാണ് എന്നാണ് പ്രാഥമിക നിഗമനം.
1988ല്‍ സാത്താനിക് വേഴ്‌സസ് എന്ന കൃതി പ്രസിദ്ധീകരിക്കുന്നതോടെയാണ് റുഷ്ദി വിവാദങ്ങളില്‍പെടുന്നത്. പല മുസ്‌ലിങ്ങളും ഈ കൃതിയെ ദൈവദോഷമായി കാണുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ആ പുസ്തകം ഇന്നും നിരോധിക്കപ്പെട്ടിരിക്കുന്നു. അന്നത്തെ ഇറാന്‍ ഭരണാധികാരി അയത്തൊള്ള ഖൊമേനി സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ഒരു ഫത്‌വ പുറപ്പെടുവിച്ചു. മുപ്പത് ലക്ഷം ഡോളറാണ് ആര് റുഷ്ദിയെ കൊന്നാലും സമ്മാനമായി ഇറാന്‍ ഭരണകൂടം വാഗ്ദാനം ചെയ്തത്.
അന്നുമുതല്‍ ഇന്നു വരെ റുഷ്ദിയുടെ ജീവന് ഭീഷണിയുണ്ട്. പതിറ്റാണ്ടുകളായി അദ്ദേഹം ഒളിവില്‍ ആണ് ജീവിക്കുന്നത്. ഇപ്പോള്‍ യു.എസ്.എ പൗരത്വമുള്ള ബ്രിട്ടണില്‍ താമസിക്കുന്ന ഇദ്ദേഹം 1947ല്‍ മുംബൈയില്‍ ജനിച്ച ഇന്ത്യന്‍ വംശജനാണ്. ഈ ഒളിവിലെ ജീവിതത്തെക്കുറിച്ച് ജോസഫ് ആന്റണ്‍ എന്ന് ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്.
1981ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ ബുക്കര്‍ സമ്മാനം നേടുന്നതോടെയാണ് അദ്ദേഹം ലോകശ്രദ്ധയില്‍ വരുന്നത്. പേര്‍ഷ്യന്‍, ഇന്ത്യന്‍ സാഹിത്യ പാരമ്പര്യങ്ങളില്‍ വേരുകളാഴ്ത്തിയ മാജിക്കല്‍ റിയലിസ്റ്റ് എഴുത്തുകാരന്റെ കൃതികള്‍ അവയുടെ സര്‍ഗാത്മകതകൊണ്ടും ലോകവിജ്ഞാനം കൊണ്ടും ഭയരഹിതമായ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാകുന്നു,’ ബേബി കൂട്ടിച്ചേര്‍ത്തു.
Content Highlights: CPIM Polit Bureau Member M.A.Baby Condemns the attack on writer Salman Rushdie in New York