| Saturday, 8th January 2022, 6:29 pm

മൂന്നാം മുന്നണിക്കുള്ള കരുനീക്കം? സി.പി.ഐ.എം ദേശിയ നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: രാജ്യത്ത് മൂന്നാം മുന്നണി സാധ്യത ചര്‍ച്ചയായി സി.പി.ഐ.എം ദേശിയ നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള,  എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്തത്.

ഹൈദരാബാദില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. തെലങ്കാന മുഖ്യമന്ത്രി ഒരുക്കിയ ഉച്ചവിരുന്നില്‍ നേതാക്കള്‍ പങ്കെടുത്തു.

‘തെലങ്കാന മുഖ്യമന്ത്രി ശ്രീ ചന്ദ്രശേഖര്‍ റാവുവിനെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചു. ഊഷ്മളമായ ആതിഥേയത്വത്തിന് അദ്ദേഹത്തോട് ഹൃദയപൂര്‍വം നന്ദി പറയുന്നു,’ സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ എഴുതി.

സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സി.പി.ഐ.എം പി.ബി നേരത്തെ വിലയിരുത്തിയിരുന്നു.

May be an image of 4 people, people sitting, people standing and indoor

ഈ സാഹചര്യത്തില്‍ റാവുവുമായുള്ള കൂടിക്കാഴ്ച ദേശീയ തലത്തിലുള്ള മൂന്നാം മുന്നണിക്കുള്ള ശ്രമമാണോ എന്ന ചര്‍ച്ചക്കും കാരണമായി. കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

പ്രാദേശിക പാര്‍ട്ടികളുടെ സഖ്യസാധ്യത ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചെന്നും സി.പി.ഐ.എം നേതാക്കള്‍ ഇതിനെ അനുകൂലിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സൗഹൃദ സന്ദര്‍ശനമാണിതെന്നാണ് സി.പി.ഐ.എം നല്‍കുന്ന വിശദീകരണം. ഓരോ സംസ്ഥാനങ്ങളിലെയും ഫെഡറല്‍ മുന്നണി നീക്കവുമായി ചന്ദ്രശേഖര്‍ റാവു നേരത്തെ പിണറായി വിജയന്‍, എം.കെ. സ്റ്റാലിന്‍, മമതാ ബാനര്‍ജി, കുമാരസ്വാമി തുടങ്ങിയവരുമായി ചര്‍ച്ച തുടങ്ങിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: CPI (M) national leaders meet Telangana Chief Minister

We use cookies to give you the best possible experience. Learn more