ഹൈദരാബാദ്: രാജ്യത്ത് മൂന്നാം മുന്നണി സാധ്യത ചര്‍ച്ചയായി സി.പി.ഐ.എം ദേശിയ നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്തത്.
ഹൈദരാബാദില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. തെലങ്കാന മുഖ്യമന്ത്രി ഒരുക്കിയ ഉച്ചവിരുന്നില്‍ നേതാക്കള്‍ പങ്കെടുത്തു.
‘തെലങ്കാന മുഖ്യമന്ത്രി ശ്രീ ചന്ദ്രശേഖര്‍ റാവുവിനെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചു. ഊഷ്മളമായ ആതിഥേയത്വത്തിന് അദ്ദേഹത്തോട് ഹൃദയപൂര്‍വം നന്ദി പറയുന്നു,’ സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ എഴുതി.
സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സി.പി.ഐ.എം പി.ബി നേരത്തെ വിലയിരുത്തിയിരുന്നു.