വഖഫ് നിയമം പിന്‍വലിക്കാനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത്; രാജ്യസഭയില്‍ നോട്ടീസ് നല്‍കി സി.പി.ഐ.എം എം.പിമാര്‍
Kerala News
വഖഫ് നിയമം പിന്‍വലിക്കാനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത്; രാജ്യസഭയില്‍ നോട്ടീസ് നല്‍കി സി.പി.ഐ.എം എം.പിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th December 2023, 9:48 am

ന്യൂദല്‍ഹി: വഖഫ് നിയമം അസാധുവാക്കല്‍ സ്വകാര്യ ബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം എം.പിമാര്‍ നോട്ടീസ് നല്‍കി. ചട്ടം 67 പ്രകാരം ഈ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, വിപ്പ് ഡോ. വി. ശിവദാസന്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, എ. എ. റഹീം എന്നിവര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം. കേന്ദ്ര വഖഫ് കൗണ്‍സിലും സംസ്ഥാന വഖഫ് ബോര്‍ഡുകളും പ്രവര്‍ത്തിക്കുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

വഖഫ് ട്രിബ്യൂണലിന്റെ അധികാരപരിധി, മുതവല്ലിമാരുടെ ചുമതലകള്‍, വഖഫ് ഭരണസംവിധാനങ്ങളുടെ ധനസഹായം, സര്‍വേകള്‍ നടത്തല്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികാരം, രേഖകളുടെ പരിപാലനം തുടങ്ങിയ വ്യവസ്ഥകള്‍ ഈ നിയമത്തിന്റെ ഭാഗമാണ്.

ചില പ്രത്യേക താത്പര്യങ്ങള്‍ക്കായും രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ലക്ഷ്യം വെച്ചുള്ളതാണ് ഈ ബില്‍. കൂടാതെ വഖഫ് നിയമത്തിലെ പല വ്യവസ്ഥകളും ബില്ലില്‍ തെറ്റായ രീതിയിലാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വഖഫ് നിയമം പിന്‍വലിക്കാനുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുതെന്നാണ് എം.പിമാര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.

ഇതിന് മുന്‍പ് വഖഫ് നിയമം പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കുന്നതിനായി മൂന്നു തവണ ലിസ്റ്റ് ചെയ്തെങ്കിലും സി.പി.ഐ.എം പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനാല്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

1995ലെ വഖഫ് നിയമം പിന്‍വലിക്കാനുള്ള നിയമ നിര്‍മാണമാണ് ‘ദി വഖഫ് റിപീല്‍ ബില്‍, 2022’. മുസ്ലിം മതവിഭാഗത്തിനെതിരെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കമാണിതെന്നും, ഇത്തരമൊരു നിയമനിര്‍മാണം ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ കൊണ്ടുവരുന്ന സ്വകാര്യ ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും എം.പിമാര്‍ വ്യക്തമാക്കി.

Content Highlight: CPI(M) MPs not to give permission to introduce the private bill to repeal the Waqaf Act