| Friday, 17th December 2021, 4:46 pm

'യു.ഡി.എഫ് എം.പിമാര്‍ക്ക് മറുപടി'; കെ റെയില്‍ പദ്ധതിക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്ന് സി.പി.ഐ.എം എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ റെയില്‍ പദ്ധതിക്ക് വേഗത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം എം.പിമാര്‍ റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവിനെ കണ്ടു.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാകക്ഷി നേതാവുമായ എളമരം കരീം എം.പി, എം.പിമാരായ വി. ശിവദാസന്‍, എ.എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന കെ റെയില്‍ പദ്ധതിക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് എം.പിമാര്‍ മന്ത്രിയെ അറിയിച്ചു.

കെ റെയില്‍ സംബന്ധിച്ച് കേരളം സമര്‍പ്പിച്ച പദ്ധതി രേഖ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും വിഷയത്തില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി എം.പിമാരെ അറിയിച്ചു.

കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയുടെ അന്തിമാനുമതിക്കും സാമ്പത്തിക സഹകരണത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു.

അതേസമയം, യു.ഡി.എഫ് എം.പിമാര്‍ കെ റെയില്‍ പദ്ധതിക്കെതിരെ റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നിവേദനത്തില്‍ ശശി തരൂര്‍ എം.പി ഒപ്പുവെക്കാത്തത് വാര്‍ത്തയായിരുന്നു. യു.ഡി.എഫിന്റെ മറ്റ് പതിനെട്ട് എം.പിമാരും പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പുവച്ചിരുന്നു.

കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നത്.

പദ്ധതി നടപ്പാക്കരുതെന്നാണ് യു.ഡിഎഫ് എം.പിമാരുടെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNET HIGHLIGHTS: CPI M MPs meet Railway Minister Ashwini Vaishnav to demand speedy approval for K rail project

We use cookies to give you the best possible experience. Learn more