ന്യൂദല്‍ഹി: ചെറുകിട തൊഴില്‍ രംഗത്തെ ജി.എസ്.ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് കവാടത്തില്‍ ഇടത് എം.പിമാര്‍ ധര്‍ണ നടത്തുന്നു. പാര്‍ലമെന്റിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്കു സമീപമാണ് ഇടത് എം.പിമാരുടെ ധര്‍ണ.
‘ചെറുകിട തൊഴില്‍ രംഗത്തെ ജി.എസ്.ടി പിന്‍വലിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് എം.പിമാരുടെ പ്രതിഷേധം.
അതിനിടെ, രാജ്യസഭയില്‍ ഇന്ന് തെരഞ്ഞെടുപ്പു പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയവും വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാവും.
ലോക്‌സഭയില്‍ ഉത്തര്‍പ്രദേശില്‍ 17 ഒ.ബി.സി വിഭാഗങ്ങള്‍ക്കു കൂടി എസ്.സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
മഹാത്മാ ഗാന്ധിയുടെ ചിത്രം ഈസ്രഈലില്‍ ബിയര്‍ ബോട്ടിലില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ആന്റോ ആന്റണിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.