| Thursday, 4th January 2024, 2:56 pm

'സുരേഷ് ഗോപി' കളിക്കാന്‍ നിക്കരുത്; കണ്ണൂരില്‍ പൊലീസിനെതിരെ കയര്‍ത്ത് സി.പി.ഐ.എം എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് സി.പി.ഐ.എം നേതാവും കല്ല്യാശ്ശേരി എം.എല്‍.എയുമായ എം.വിജിന്‍. കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ കേരള ഗവണ്മെന്റ് നേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരത്തിനിടെയാണ് സംഭവം. എസ്.ഐയോട് സുരേഷ് ഗോപിയെ പോലെ പ്രവര്‍ത്തിക്കാന്‍ നിക്കരുതെന്നാണ് എം.വിജിന്‍ പറഞ്ഞത്.

പ്രതിഷേധവുമായി എത്തിയ നഴ്‌സുമാര്‍ കണ്ണൂര്‍ കളക്ടറേറ്റിനുള്ളിലേക്ക് കടന്നുകയറുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ സമരക്കാര്‍ക്കെതിരെ ദേഷ്യപ്പെടുകയും, പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിക്കുകയുമായിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സമരത്തെ അഭിസംബോധന ചെയ്യാന്‍ സ്ഥലത്തെത്തിയ എം.എല്‍.എ വിജിന്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ എസ്.ഐയോട് കയര്‍ക്കുകയായിരുന്നു.

കളക്ടറേറ്റിനുള്ളിലേക്ക് സമരക്കാര്‍ കടന്നിട്ടുണ്ടെങ്കില്‍ അത് പൊലീസിന്റെ വീഴ്ചയാണെന്നും ഗേറ്റിന് മുന്നില്‍ സമരം തുടങ്ങുന്നതിനു മുന്നോടിയായി പോലീസിനെ വിന്യസിച്ചിരുന്നെങ്കില്‍ പാകപ്പിഴവ് പറ്റില്ലായിരുന്നുവെന്നും വിജിന്‍ പറഞ്ഞു.

പ്രതിഷേധവുമായി എത്തിയവര്‍ക്ക് സിവില്‍ സ്റ്റേഷന്റെ ഏത് ഭാഗത്താണ് സമരം നടത്തേണ്ടതെന്നതില്‍ അറിവില്ലായ്മ ഉണ്ടായിരുന്നെന്നും വിജിന്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധം സംബന്ധിച്ച് നഴ്‌സുമാര്‍ ആദ്യമേ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതിനുവേണ്ട സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പിഴവ് പറ്റിയിട്ടുണ്ടെന്നും വിജിന്‍ കുറ്റപ്പെടുത്തി. സമരം ഉണ്ടാവുമെന്നറിഞ്ഞിട്ടും വീഴ്ച പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ നഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയും ആക്രോശിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Content Highlight: CPI(M) MLA lashed out at police in Kannur

We use cookies to give you the best possible experience. Learn more