| Tuesday, 19th October 2021, 11:06 am

സി.പി.ഐ.എം അംഗം കൂറുമാറി; കൊച്ചി കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട് എല്‍.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്ഥിരംസമിതി എല്‍.ഡി.എഫിന് നഷ്ടമായി. സി.പി.ഐ.എം. അംഗമായിരുന്ന എം.എച്ച്.എം. അഷറഫ് യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് സ്ഥിരം സമിതി നഷ്ടമായത്.

ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം ജെ. സനല്‍മോനാണ് അവിശ്വാസത്തിലൂടെ നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനം നഷ്ടമായത്. കമ്മിറ്റിയില്‍ ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായതിനാല്‍ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു. അഷ്‌റഫിന്റെ ഉള്‍പ്പെടെ അഞ്ച് വോട്ടിനാണ് അവിശ്വാസം പാസായത്. പുതിയ നഗരാസൂത്രണ സമിതി ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള തീയതി ജില്ലാ കളക്ടര്‍ ഉടന്‍ പ്രഖ്യാപിക്കും.

അതേസമയം, സി.പി.ഐ.എം. ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച അഷറഫിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത വരാന്‍ സാധ്യതയുണ്ടെങ്കിലും അഷ്‌റഫിനെ തന്നെ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം എന്നാണ് വിവരം.

അഷറഫ് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ‘നോമിനിക്ക്’ സീറ്റ് നല്‍കി കൊച്ചങ്ങാടി ഡിവിഷനില്‍നിന്നു വിജയിപ്പിക്കാമെന്നും യു.ഡി.എഫ്. കരുതുന്നു.

കൊച്ചി കോര്‍പ്പറേഷനില്‍ വരാന്‍ പോകുന്ന രണ്ട് ഉപ തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാകും. ഒന്ന് സി.പി.ഐ.എമ്മിന്റെയും ഒന്ന് ബി.ജെ.പി.യുടെയും സിറ്റിങ് സീറ്റുകളാണ്. രണ്ട് ഒഴിവുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇടതുപക്ഷത്തിന് 36 അംഗങ്ങളും യു.ഡി.എഫിന് 32ഉം ബി.ജെ.പി.ക്ക് നാലു പേരുമാണുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: CPI (M) member defects; LDF loses Kochi Corporation Standing Committee chairmanship

We use cookies to give you the best possible experience. Learn more