| Sunday, 4th October 2020, 12:40 pm

ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍.
സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണന്‍, പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ എ.ആര്‍ സിന്ധു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. വെങ്കട്, കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ട്രഷറര്‍ പുണ്യവതി, സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആശാ ശര്‍മ എന്നിവരാണ് ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനിരിക്കുകയാണ് ഇവര്‍.

നേരത്തെ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നേരത്തെ ആസാദ് പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കും വരെ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, നീതിക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPI (M) leaders visit Hathras girl’s house

We use cookies to give you the best possible experience. Learn more