| Tuesday, 1st December 2020, 9:58 pm

കശ്മീരിലെ പുതിയ ഭൂനിയമം; കേന്ദ്രസര്‍ക്കാരിനെതിരെ സി.പി.ഐ.എം സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ജമ്മു കശ്മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്ത് സി.പി.ഐ.എം സുപ്രീംകോടതിയില്‍. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പുറത്തുനിന്നുള്ളവര്‍ക്കും ജമ്മു കശ്മീരില്‍ കൃഷിഭൂമി ഉള്‍പ്പെടെ വാങ്ങിക്കൂട്ടാന്‍ സൗകര്യം ഒരുക്കുന്ന വ്യവസ്ഥകളുള്ള നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.

മറ്റ് സംസ്ഥാനക്കാര്‍ക്ക് കൃഷിഭൂമി ഉള്‍പ്പെടെ വാങ്ങി അത് വാണിജ്യ ആവശ്യത്തിനായി മാറ്റാന്‍ സാധിക്കുമെന്നും ജമ്മു കശ്മീരിലെ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന നിയമം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു.

‘കാര്‍ഷിക ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷയെ ബാധിക്കും. ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം ഭരണഘടനാവിരുദ്ധമായതിനാല്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഭൂനിയമങ്ങളും ഭരണഘടനാവിരുദ്ധമാണ്’, ഹരജിയില്‍ തരിഗാമി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീര്‍ വിഷയത്തില്‍ കോടതി മുമ്പാകെയുള്ള ഹരജികളില്‍ അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ പുതിയ ഭൂനിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPI(M) Leader Tarigami Moves Supreme Court Challenging MHA Order Allowing Outsiders To Buy Land In Jammu & Kashmir

We use cookies to give you the best possible experience. Learn more