| Tuesday, 14th June 2022, 1:27 pm

വിമാനത്തിലെ പ്രതിഷേധം സുധാകരന്‍ മോഡല്‍ ഗുണ്ടായിസം; ആകാശത്ത് ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന് പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍.

വിമാനത്തിനുള്ളില്‍ ഇന്നലെ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സുധാകരന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി വിമാനത്തിനകത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമം നടന്നതെന്നും വിമാനത്തില്‍ സുരക്ഷാ ഭടന്റെ കയ്യില്‍ ആയുധമില്ലെന്ന് മനസിലാക്കിയാണ് ആസൂത്രണം നടത്തിയതെന്നും പി. ജയരാജന്‍ ആരോപിച്ചു.

സുധാകരന്‍ ആകാശത്ത് ഭീകരപ്രവര്‍ത്തനം നടത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷം സംഘര്‍ഷവും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിമാറ്റുകയും ചെയ്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ച് നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍ അടക്കമുള്ളവര്‍ക്കെതിരായാണ് കേസ്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെ മൊഴിയുടെയും ഇന്‍ഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlights: CPI (M) leader P Jayarajan against k sudhakaran about lashed out at Congress workers for protesting against  Pinarayi Vijayan

We use cookies to give you the best possible experience. Learn more