| Sunday, 6th June 2021, 5:13 pm

400 കോടിയുടെ കള്ളപ്പണക്കേസില്‍ കേരളത്തിലെ മുഴുവന്‍ ബി.ജെ.പി. നേതൃത്വവും കുറ്റാരോപിതരായിട്ടും ദേശീയമാധ്യമങ്ങള്‍ക്ക് അത് വര്‍ത്തയല്ല: എളമരം കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടു കേരളത്തിലെ മുഴുവന്‍ ബി.ജെ.പി. നേതൃത്വവും പ്രതിക്കൂട്ടിലായിട്ടും ദേശീയമാധ്യമങ്ങള്‍ക്ക് അത് വര്‍ത്തയല്ലെന്ന് സി.പി.ഐ.എം. കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ദേശീയ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

‘400 ഹവാല പണമിടപാട് കേസില്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഴുവന്‍ നേതൃത്വവും കുറ്റാരോപിതരായ സ്ഥിതിയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എങ്ങനെയൊക്കെ കള്ളപ്പണ ഇടപാടു നടത്തി എന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പണം കടത്തിയെന്നാണ് ആരോപണം. എന്നിട്ടും ഇത് നമ്മുടെ ദേശീയ മാധ്യമങ്ങള്‍ക്ക് ഒരു പ്രധാന വാര്‍ത്തയല്ല.’ എളമരം കരീം ട്വീറ്റ് ചെയ്തു.

അതേസമയം, കൊടകര കുഴല്‍പ്പണക്കേസുമായ അന്വേഷണത്തിനിടെ ബി.ജെ.പിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ രണ്ട് ലക്ഷം രൂപ തന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ ബി.ജെ.പിയുടെ ഭീഷണിയുണ്ടെന്ന്
കെ. സുന്ദര പറഞ്ഞു. പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാന്‍ ആവശ്യപ്പെട്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുമെന്നും സുന്ദര വ്യക്തമാക്കി.

എന്നാല്‍, കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പിയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രതികള്‍ക്കു സി.പി.ഐ.എം-സി.പി.ഐ. ബന്ധമാണ് ഉള്ളതെന്നും കുമ്മനം ആരോപിച്ചു.

കെ. സുരേന്ദ്രനെ പിന്തുണച്ച ബി.ജെ.പി. നേതാക്കള്‍ അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഹോട്ടലില്‍ നടക്കാനിരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: CPI (M) Leader  Elamaram Kareem Criticized national media  Drown the news of  Kodakara money laundering case,

We use cookies to give you the best possible experience. Learn more