തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവും വയനാട് ഇടതു സ്ഥാനാര്‍ത്ഥിയുമായ ആനി രാജ.
ദൈവമയച്ച വ്യക്തിയാണെന്ന് സ്വയം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആള്‍ദൈവമാണെന്ന് ആനി രാജ പറഞ്ഞു. തന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നുമുള്ള മോദിയുടെ പരാമര്‍ശത്തിലാണ് വിമര്‍ശനം.
മോദിയുടെ പ്രസ്താവന അങ്ങേയറ്റം ആശങ്കാജനകമാണെന്നും ആനി രാജ പറഞ്ഞു. പ്രധാനമന്ത്രി പദത്തിന് അനുയോജ്യമല്ലാത്തതും അപാനകരവുമായ കാര്യമാണ് മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
‘എന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ല. ദൈവം അയച്ചതാണ് എന്നെ. ദൈവം എന്നെ പറഞ്ഞയച്ചത് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുവാന്‍ വേണ്ടിയാണ്,’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ വാദങ്ങള്‍.
തനിക്ക് ദൈവത്തെ കാണാന്‍ സാധിക്കാതിരിക്കുമ്പോള്‍ താന്‍ തന്റെ 140 കോടി ജനങ്ങളെ നോക്കുമെന്നും അവരില്‍ ദൈവത്തെ കാണുമെന്നും മോദി പറഞ്ഞിരുന്നു. തന്റെ ജനങ്ങളെ താന്‍ ആരാധിക്കാറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സമാനമായ കാര്യം ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തിലും മോദി പറഞ്ഞിരുന്നു. മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
തെരഞ്ഞെടുപ്പിനിടെ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് സാധാരണക്കാരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയൊരു ശാപത്തെ എന്തിനാണ് ദൈവം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയതെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു.
Content Highlight: CPI(M) leader and Wayanad left candidate Ani Raja criticized Narendra Modi