| Tuesday, 6th June 2017, 11:18 am

സി.പി.ഐ എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സി.പി.ഐ എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിവാഹം പരമാവധി ലളിതമാകണമെന്ന സി.പി.ഐ നിലപാടിന് വിരുദ്ധമായാണ് എം.എല്‍.എ മകളുടെ വിവാഹം നടത്തിയതെന്നാണ് ആക്ഷേപം.

വിവാഹ ദിനത്തില്‍ സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന എം.എല്‍.എയുടെ മകളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.


Dont Miss അറബ് രാഷ്ട്രങ്ങളുടെ ഉപരോധം ഖത്തറിനെ ബാധിക്കുന്നത് ഇങ്ങനെ 


വിവാഹങ്ങളുടെ കാര്യത്തില്‍ മാതൃക സ്വയം സൃഷ്ടിക്കേണ്ടതാണെന്ന് അടുത്തിടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ആര്‍ഭാട വിവാഹം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.

സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.

കേരളീയ സമൂഹത്തിന്റെ വിവാഹം സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരുത്തിയാലേ ആര്‍ഭാട വിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷനേടാനാവൂവെന്നും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിന് സര്‍ക്കാര്‍ പ്രധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആഢംബര വിവാഹങ്ങളും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുമായിരുന്നു മുല്ലക്കര ശ്രദ്ധക്ഷണിക്കല്‍ വിഷമായി അവതരിപ്പിച്ചിരുന്നത്. അന്ന് അതിനെ കയ്യടിച്ച് പിന്തുണച്ച എം.എല്‍.എ കൂടിയായിരുന്നു ഗീതാ ഗോപി.

ഈ സാഹചര്യത്തില്‍ കൂടിയാണ് ഗീതാ ഗോപിയുടെ മകളുടെ വിവാഹത്തിലെ ധൂര്‍ത്ത് ചര്‍ച്ചായകുന്നത്. വിഷയത്തില്‍ സി.പി.ഐ നേതൃത്വം നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റേയും ബിജു രമേശിന്റേയും മക്കളുടെ വിവാഹം വിവാദമാക്കിയ സി.പി.ഐ സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എ നടത്തിയ വിവാഹത്തെ കുറിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരമൊരു കല്ല്യാണത്തിന് എം.എല്‍.എ വഴങ്ങിയതെന്നും സൂചനയുണ്ട്.

ഗുരുവായൂരില്‍ വെച്ചായിരുന്നു എം.എല്‍.എയുടെ മകളുടെ വിവാഹം. പ്രമുഖ നേതാക്കളെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരേയും ഈ വിവാഹത്തിന് ക്ഷണിച്ചിരുന്നു.

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള സിപിഐ. നേതാവാണ് ഗീത ഗോപി. 1995 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ നാട്ടിക നിയമസഭാമണ്ഡലത്തില്‍നിന്നും രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്.

2011 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ഡെപ്യൂട്ടി ചെയര്‍പേര്‍സണായിരുന്നു. 2009 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേര്‍സണ്‍, 2004 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേര്‍സണ്‍, 2004 മുതല്‍ സിപിഐ. ജില്ലാ കമ്മിറ്റിയംഗം, മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്. സിപിഐയുടെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് എം.എല്‍.എയായ നേതാവാണ് ഗീതാ ഗോപി.

We use cookies to give you the best possible experience. Learn more