അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി; കേസില്‍ ഇടപെടേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് തീരുമാനം
Kerala News
അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി; കേസില്‍ ഇടപെടേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 2:22 pm

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. കേസില്‍ ഇടപെടില്ലെന്നാണ് സി.പി.ഐ.എം തീരുമാനം.

സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അലനും താഹക്കുമെതിരെയുള്ള കേസ് യു.എ.പി.എ സമിതി തീരുമാനിക്കട്ടെ എന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുന്നില്ലെന്നും സി.പി.ഐ.എം വ്യക്തമാക്കി.

അതേസമയം, അലനും താഹക്കും വേണ്ടി സി.പി.ഐ.എം തന്നെ അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നു. അഭിഭാഷകന്റെ ഫീസും സി.പി.ഐ.എം തന്നെയാണ് നല്‍കിയത്. പാര്‍ട്ടി നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുകുടുംബങ്ങള്‍ക്കും നേതാക്കള്‍ ഉറപ്പും നല്‍കിയിട്ടുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.പി.എ ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും ഈ വകുപ്പുകള്‍ നീക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വാദിക്കുമ്പോഴായിരുന്നു സി.പി.ഐ.എം അലന്റെയും തഹയുടെയും ഒപ്പമാണെന്ന് പറഞ്ഞത്. എന്നാല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന നിലപാടാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, അലനും താഹയും കേരള ഹൈക്കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചു. ഇരുവരും വിദ്യാര്‍ത്ഥികളാണെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നും ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇരുവരുടെയും വീട്ടില്‍ നിന്നും കണ്ടെടുത്തെന്ന് പറയപ്പെടുന്ന ലഘുലേഖകള്‍ യു.എ.പി.എ ചുമത്താന്‍ മാത്രം ഗൗരവമുള്ളതല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ഇരുവര്‍ക്കും ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചേക്കില്ല എന്നാണ് വിവരം. ഇരുവരുടെയും റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

അലന്റെയും താഹയുടെയും സുരക്ഷയ്ക്ക് കോഴിക്കോട് ഭീഷണിയുണ്ടെന്നും അതിനാല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് ഇരുവരെയും മാറ്റണമെന്നും ആവശ്യപ്പെട്ട് ജില്ലാ ജയില്‍ സൂപ്രണ്ട് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് തള്ളിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഈ ആവശ്യം തള്ളിയത്. കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ വിധി വന്ന ശേഷം ബാക്കി തീരുമാനങ്ങള്‍ എടുക്കാമെന്നും ജയില്‍ വകുപ്പ് നിലപാടെടുത്തിരുന്നു.