| Friday, 21st June 2024, 9:29 am

ബംഗാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിനെ സഹായിച്ചത് സി.പി.ഐ.എം: സുവേന്ദു അധികാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നതിന് തൃണമൂലിനെ സഹായിച്ചത് സി.പി.ഐ.എം ആണെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ഹിന്ദു വോട്ട് ബാങ്ക് വിഭജിച്ച് നിരവധി ലോക്‌സഭാ സീറ്റുകളിൽ വിജയം ഉറപ്പാക്കാൻ ഭരണകക്ഷിയായ ടി.എം.സിയെ സി.പി.ഐ.എം സഹായിച്ചു എന്നായിരുന്നു ആരോപണം.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സുവേന്ദു അധികാരി ഇക്കാര്യം പറഞ്ഞത്. മാർക്‌സിസ്റ്റുകൾ തന്ത്രപരമായി ഹിന്ദു വോട്ടുകൾ ഭിന്നിപ്പിച്ച് ഡുംഡം, ജാദവ്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ടി.എം.സിയുടെ വിജയം ഉറപ്പാക്കുകയായിരുന്നുവെന്ന് അധികാരി പറഞ്ഞു.

ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിൽ തൃണമൂൽ 29 സീറ്റ് നേടിയാണ് വിജയിച്ചത്. ബിജെപിക്ക് 12 സീറ്റും, കോൺഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്. ഇടതു മുന്നണിക്ക് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.

2020 ഡിസംബർ 19 നാണ് സുവേന്ദു ബി.ജെ.പിയിൽ ചേരുന്നത്. മമത ബാനർജിയുമായി തെറ്റിപിരിഞ്ഞാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ടി.എം.സിയിൽ നിന്ന് ബി.ജെ.പിയിലേക്ക് വരുന്നത്.

തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വിജയം കൃത്രിമമാണെന്നും, ഒരുപാട് ക്രമക്കേടുകൾ അവിടെ നടന്നിട്ടുണ്ടെന്നും സുവേന്ദു ആരോപിച്ചു. ഡയമണ്ട് ഹാർബറിൽ 7 ലക്ഷത്തിലധികം വോട്ടുകൾക്കാണ് അഭിഷേക് ബാനർജി വിജയിച്ചത്.

‘വോട്ടുകൾ വൻതോതിൽ കൊള്ളയടിച്ചു, പ്രാദേശിക പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ ടി.എം.സിയുടെ ചിഹ്നം ഒഴികെ, മറ്റെല്ലാ പാർട്ടി ചിഹ്നങ്ങളും പല ബൂത്തുകളിലും ടേപ്പുകൾ കൊണ്ട് മറച്ചിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി അബ്ജിത് ദാസ് (ബോബി) ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഹരജി നൽകും.

മറ്റുള്ള സ്ഥാനാർത്ഥികൾ എന്നെ വ്യക്തിപരമായി സമീപിച്ചാൽ എല്ലാത്തരം നിയമസഹായവും നൽകാൻ ഞാൻ തയ്യാറാണ്. അതിൽ രാഷ്ട്രീയമൊന്നുമില്ല. ജനാധിപത്യത്തെ ഇത്തരത്തിൽ നഗ്നമായ രീതിയിൽ കശാപ്പ് ചെയ്യുന്നത് ഞങ്ങൾക്ക് അനുവദിക്കാനാവില്ല,’ സുവേന്ദു പറഞ്ഞു.

എന്നാൽ ബി.ജെ.പി യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് തോൽവിയുടെ നിരാശയാണ് ഇത്തരം കാര്യങ്ങൾ പറയുന്നതിലേക്ക് നയിച്ചതെന്നും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു. ബി.ജെ.പിയും ടി.എം.സി യും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി എപ്പോഴും എന്തിനെയും നോക്കി കാണുന്നത് ജാതി, മതം, സമുദായം എന്ന ഘടകങ്ങളിലൂടെയാണെന്നും ടി.എം.സി പ്രവർത്തിക്കുന്നത് ജനാധിപത്യം അടിസ്ഥാനമാക്കിയാണെന്നും ടി.എം.സി നേതാവ് കുനാൽ ഘോഷ് പറഞ്ഞു.

Content Highlight: CPI(M) in Bengal helped TMC win several seats in LS polls by dividing Hindu vote bank: Suvendu Adhikari

We use cookies to give you the best possible experience. Learn more