| Friday, 17th September 2021, 11:32 am

ക്രൈസ്തവരെ മുസ്‌ലിം ജനവിഭാഗത്തിന് എതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം, കാമ്പസുകളില്‍ യുവതികളെ തീവ്രസ്വഭാവത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമമെന്നും സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ ന്യൂനപക്ഷ – ഭൂരിപക്ഷ വര്‍ഗീയതയെ കുറിച്ച് വിലയിരുത്തി സി.പി.ഐ.എം. കേരളത്തില്‍ മുസ്‌ലിം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്‌ലിം വര്‍ഗീയതീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നെന്നും കേരളത്തിലെ ക്രൈസ്തവരിലെ ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയത ഗൗരവത്തില്‍ കാണണമെന്നും സി.പി.ഐ.എം പറഞ്ഞു.

പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി സി.പി.ഐ.എം നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും സി.പി.ഐ.എം വിലയിരുത്തുന്നു. ഇസ്‌ലാമിക രാഷ്ട്രം സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമായത്തെ ഇസ്‌ലാമി അതിന്റെ അശയപരമായ വേരുകള്‍ മുസ്‌ലിം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന് മനസിലാക്കണമെന്നും കുറിപ്പില്‍ പറയുന്നു.

മുസ്‌ലിം സമൂഹത്തിലെ ബഹൂഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ക്രൈസ്തവരെ മുസ്‌ലിം ജനവിഭാഗത്തിന് എതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും, എന്നാല്‍ അടുത്ത കാലത്ത് കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണമെന്നും കുറിപ്പിലുണ്ട്.

‘വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.’

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ക്ഷേത്രവിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്നതിന് കഴിയും വിധം ആരാധനാലയങ്ങളില്‍ ഇടപെടാന്‍ കഴിയണമെന്നും സി.പി.ഐ.എം കുറിപ്പില്‍ വ്യക്തമാക്കി.

വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണമെന്നും. വര്‍ഗീയവാദികളുടെ കൈകളിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കണം ഇടപെടല്‍ നടത്തേണ്ടതെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CPI (M) has spoken out against minority communalism and Sangaparivar in Kerala

We use cookies to give you the best possible experience. Learn more