വടകരയില്‍ കെ.കെ. ശൈലജ തന്നെ, ചാലക്കുടിയില്‍ സി. രവീന്ദ്രനാഥും; സി.പി.ഐ.എമ്മിന്റെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പുറത്ത്
Kerala News
വടകരയില്‍ കെ.കെ. ശൈലജ തന്നെ, ചാലക്കുടിയില്‍ സി. രവീന്ദ്രനാഥും; സി.പി.ഐ.എമ്മിന്റെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st February 2024, 4:55 pm

കോഴിക്കോട്: വരാനിരിക്കുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സി.പി.ഐ.എമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്. കഴിഞ്ഞ ദിവസങ്ങളിലായി സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് ഏതാനും ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് സി.പി.ഐ.എം നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

വടകരയില്‍ മുന്‍ ആരോഗ്യ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ഷൈലജ സ്ഥാനാര്‍ത്ഥിയാകും. മട്ടന്നൂര്‍ എം.എല്‍.എ ആയ കെ.കെ.ശൈലജയെ വടകരയില്‍ മത്സരിപ്പിക്കുന്നത് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആര്‍.എസ്.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധം, കേസിലെ കോടതി വിധി തുടങ്ങിയ വിഷയങ്ങള്‍ എല്ലാം വടകരയില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യും.

ചാലക്കുടി മണ്ഡലത്തില്‍ മുന്‍ പൊതു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമാണ് സ്ഥാനാനാര്‍ത്ഥി. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചാലക്കുടിയില്‍ താന്‍ മത്സരിക്കുന്നുവെന്ന് വ്യക്തമാക്കി രവീന്ദ്രനാഥ് തന്നെ രംഗത്തെത്തി.

മലപ്പുറം മണ്ഡലത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാകും. പൊന്നാനിയില്‍ പൊതു സ്വാതന്ത്രനെയാണ് പാര്‍ട്ടി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുന്‍ ലീഗ് നേതാവായ കെ.എസ്. ഹംസ പൊന്നാനിയില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് പൊന്നാനി.

എറണാകുളത്ത് കെ.എസ്.ടി.എ നേതാവും സി.പി.ഐ.എം നേതാവുമായ അധ്യാപിക കെ.ജെ. ഷൈന്‍ സ്ഥാനാര്‍ത്ഥിയാകും. മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കെ.വി. തോമസിന്റെ മകൾ രേഖ തോമസ് എറണാകുളത്ത് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ആലത്തൂരില്‍ നിലവിലെ പട്ടികജാതി, പട്ടിക വകുപ്പ് മന്ത്രിയായ കെ. രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥിയാകും. കൂടാതെ കോഴിക്കോട് എളമരം കരീമും കണ്ണൂരില്‍ എം.വി. ജയരാജനും പാലക്കാട് എ. വിജയരാഘവനും ആറ്റിങ്ങലില്‍ വി. ജോയ്‌യും കൊല്ലത്ത് എം. മുകേഷും പത്തനംതിട്ടയില്‍ തോമസ് ഐസക്കും ആലപ്പുഴയില്‍ എ.എം. ആരിഫും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും കാസർഗോഡ് മണ്ഡലത്തിൽ എം.വി. ബാലകൃഷ്‌ണനും മത്സരിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

സി.പി.ഐ.എമ്മിന്റെ 15 അംഗ സ്ഥാനാർത്ഥിപ്പട്ടികയിൽ രണ്ട് വനിതകൾക്കാണ് പ്രാതിനിധ്യം നൽകിയിരിക്കുന്നത്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനും പട്ടികയിൽ സ്ഥാനം നൽകിയിട്ടുണ്ട്.

Content Highlight: CPI(M) has released the final list of candidates for the Lok Sabha elections