മണിപ്പൂര്‍: മോദി മൗനം വെടിയണം; മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബിരേന്‍ സിങ്ങിനെ നീക്കണമെന്നും സീതാറാം യെച്ചൂരി
national news
മണിപ്പൂര്‍: മോദി മൗനം വെടിയണം; മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബിരേന്‍ സിങ്ങിനെ നീക്കണമെന്നും സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2023, 4:29 pm

 

ന്യൂദല്‍ഹി: മണിപ്പൂര്‍ സംഭവവികാസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ പ്രതികരിക്കാന്‍ മോദി തയ്യാറാകണെന്നും യെച്ചൂരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍ വിപരീത ദിശകളിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബിരേന്‍ സിങ്ങിനെ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മണിപ്പൂരിലെ പ്രതിപക്ഷ പാര്‍ടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനായി 10 ദിവസമായി ദല്‍ഹിയിലുണ്ട്. ഇതുവരെ സമയം അനുവദിച്ചിട്ടില്ല. യു.എസ് സന്ദര്‍ശനത്തിന് പോകുന്നതിന് മുമ്പായി പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളെ കാണണമായിരുന്നു. അമ്പത് ദിവസത്തോളമായി കലാപം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എന്‍ ബീരന്‍ സിങ്ങിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ല.

മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബിരേന്‍ സിങ്ങിനെ നീക്കണം. സമാധാന ചര്‍ച്ചകള്‍ക്ക് കേന്ദ്രം മുന്‍കയ്യെടുക്കണം. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുകയാണ്. അറുപതിനായിരത്തോളം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്.

ബി.ജെ.പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍ വിപരീത ദിശകളിലാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയെ നീക്കിയെങ്കില്‍ മാത്രമേ അര്‍ത്ഥവത്തായ രീതിയില്‍ സമാധാനചര്‍ച്ചകള്‍ക്ക് തുടക്കമിടാനാകൂ,’ സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം, മണിപ്പൂരില്‍ കലാപം രൂക്ഷമായ സാഹചര്യത്തില്‍ മോദിയുടെ വിദേശ സന്ദര്‍ശനത്തെ പ്രതിപക്ഷ വിമര്‍ശിക്കുന്നുണ്ട്. യു.എസ്, ഈജിപ്ത് സന്ദര്‍ശനങ്ങള്‍ക്കായി മോദി തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി പുറപ്പെട്ടത്.