| Wednesday, 13th April 2022, 5:15 pm

ലവ് ജിഹാദ് പ്രചരണത്തെ അംഗീകരിക്കില്ല, ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കും: യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലവ് ജിഹാദ് പ്രചരണത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടി പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.

‘പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നുണ്ട്. ആ തെരെഞ്ഞെടുപ്പ് ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. ഒരാള്‍ തെരഞ്ഞെടുക്കുന്ന പങ്കാളി മറ്റൊരു മതവിഭാഗത്തില്‍ പെട്ടതാണെങ്കില്‍ അത് ലവ് ജിഹാദാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ല.

എന്താണ് ഈ ലവ് ജിഹാദ്. ഇന്റര്‍കാസ്റ്റ് വിവാഹവും ഇന്‍ര്‍ഫെയ്ത്ത് വിവാഹവും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഒരു മതവിഭാഗത്തിലുള്ള വ്യക്തി മറ്റൊരു മതവിഭാഗത്തില്‍ പെട്ട വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല,’ യെച്ചൂരി പറഞ്ഞു.

അതേസമയം കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം ലവ് ജിഹാദാണെന്ന രീതിയിലുള്ള തന്റെ പ്രസ്താവന നാക്കുപിഴയാണന്ന് മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസ് പറഞ്ഞു.

ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വിഷയം പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു. ഇ.എം.എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: CPI (M) general secretary Sitaram Yechury has said he does not approve of the Love Jihad campaign

We use cookies to give you the best possible experience. Learn more