മോദിയുടെ കൈയില്‍ അധികാരമെത്തിയത് അസുരന്മാരുടെ കൈയില്‍ അമൃത് കിട്ടിയത് പോലെ: സീതാറാം യെച്ചൂരി
national news
മോദിയുടെ കൈയില്‍ അധികാരമെത്തിയത് അസുരന്മാരുടെ കൈയില്‍ അമൃത് കിട്ടിയത് പോലെ: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 7:55 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയുടെ ഗ്യാരന്റി പൂജ്യം ഗ്യാരന്റിയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബീഹാറില്‍ ആര്‍.ജെ.ഡി സംഘടിപ്പിച്ച ‘ജന്‍ വിശ്വാസ് റാലി’യെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെന്നും അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലാഴിമഥനത്തില്‍ അസുരന്മാരുടെ കൈയില്‍ അമൃത് കിട്ടിയത് പോലെയാണ് മോദിയുടെ കൈയില്‍ അധികാരം എത്തിയതെന്ന് യെച്ചൂരി വിമര്‍ശനം ഉയര്‍ത്തി.

തെറ്റായ കൈകളിലെത്തിയ അമൃത് തിരിച്ചെടുക്കണമെന്നും മോദിയുടെ ഏകാധിപത്യത്തെ തകര്‍ക്കാന്‍ കഴിയാത്ത പക്ഷം രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനാപരമായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും മോദി സര്‍ക്കാരിനെ പുറത്താക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

യെച്ചൂരിക്ക് പുറമെ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലാലു പ്രസാദ്, തേജസ്വി യാദവ്, ഡി. രാജ, ദീപങ്കര്‍ ഭട്ടാചാര്യ എന്നിവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തെ 73 ശതമാനം ജനങ്ങളേയും ബി.ജെ.പി നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി റാലിയെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ എന്‍.ഡി.എ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കര്‍ഷകരോടും യുവാക്കളോടും സര്‍ക്കാര്‍ ചെയ്യുന്നത് അനീതിയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തതായി എന്‍.ഡി.എയില്‍ നിന്ന് പ്രതിപക്ഷത്തേക്ക് വരാന്‍ തുനിഞ്ഞാല്‍ തേജസ്വി യാദവും ലാലു പ്രസാദും തങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Content Highlight: CPI(M) General Secretary Sitaram Yechury criticized Narendra Modi in Bihar