ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയുന്ന സാഹചര്യമല്ല; ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തോട് വിയോജിപ്പില്ലെന്ന് സി.പി.ഐ.എം
Kerala News
ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയുന്ന സാഹചര്യമല്ല; ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തോട് വിയോജിപ്പില്ലെന്ന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 7:46 am

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തോട് വിയോജിപ്പ് പ്രകടിപ്പിക്കില്ലെന്ന തീരുമാനവുമായി സി.പി.ഐ.എം. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിവിധ സംസ്ഥാങ്ങളില്‍ എന്‍.ഡി.എ സഖ്യത്തോട് അതൃപ്തിയുള്ള ചെറിയ രാഷ്ട്രീയ പാര്‍ട്ടികളെ ഇന്ത്യാ സഖ്യം കൂടെ നിര്‍ത്തണമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച കേന്ദ്ര കമ്മിറ്റി ചര്‍ച്ചകളില്‍ മത്സരിക്കാന്‍ സാധ്യത ഉള്ളയിടങ്ങളില്‍ സീറ്റ് വര്‍ധിപ്പിച്ചുകൊണ്ട് ബി.ജെ.പിയെ നേരിടുക എന്ന തീരുമാനവും സി.പി.ഐ.എം എടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പിയെ പൂര്‍ണമായും പരാജയപ്പെടുത്താല്‍ എന്നതാണ് പാര്‍ട്ടിയുടെ നിലവിലെ പ്രധാന ലക്ഷ്യമെന്നും അതിനായി സഖ്യങ്ങള്‍ക്ക് ഒരു രൂപരേഖ തയ്യാറാക്കുമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. പ്രത്യേക രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സി.പി.ഐ.എമ്മിന് കഴിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം.

കേരളത്തില്‍ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ സി.പി.ഐ.എമ്മിന്റെ കേരള നേതൃത്വം പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തെ പൂര്‍ണമായും തള്ളിക്കളയിലെന്നാണ് വിലയിരുത്തല്‍. അതേസമയം കൂടുതല്‍ സീറ്റുകള്‍ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുക എന്നതിനായി ഇന്ത്യാ സഖ്യത്തെ സി.പി.ഐ.എം ദേശീയ തലത്തില്‍ പിന്തുണക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒറ്റയ്ക്ക് ജയിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും പാര്‍ട്ടി യോഗം വിലയിരുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ വിവിധ സംസ്ഥാനങ്ങളിലായി പങ്കെടുത്ത് കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും സി.പി.ഐ.എം പറഞ്ഞു.

ജെ.ഡി.യു മേധാവിയായ നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് പിന്മാറി ബീഹാറില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തിന്റെയും പശ്ചാത്തലത്തിലാണ് സി.പി.ഐ.എമ്മിന്റെ നിലവിലെ തീരുമാനങ്ങള്‍.

Content Highlight: CPI(M) does not disagree with the India alliance at the national level