കോഴിക്കോട്: മെക് സെവനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍.
മെക് സെവനെതിരെ സി.പി.ഐ.എം വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകള്‍ വഴിതിരിച്ചുവിടരുതെന്നും പി. മോഹനന്‍ പറഞ്ഞു.
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ഒരു കൂട്ടായ്മയാണ് മെക് സെവനെന്നും പി. മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. അതൊരു പൊതുവേദി കൂടിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള അപൂര്‍വം പൊതുവേദികളില്‍ അടുത്തകാലത്ത് ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ, സംഘപരിവാര്‍ അടക്കമുള്ള മതമൗലികവാദികള്‍ നുഴഞ്ഞുകയറുന്നുണ്ട്. തുടര്‍ന്ന് അവരുടെ പ്രചരണത്തിന് ഒരു മറയെന്നോണം ഈ സംഘടനകളെ ഉപയോഗിക്കുന്നുമുണ്ട്. ഇവര്‍ നമ്മുടെ നാടിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ക്കുന്നവരാണെന്നും പി. മോഹനന്‍ പറഞ്ഞു.
ഇത്തരം നീക്കങ്ങള്‍ക്കതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. ഇതാണ് തങ്ങളുടെ പോയിന്റ്. അല്ലാതെ മെക് സെവനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും പി. മോഹനന്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം അപൂര്‍വം ഇടങ്ങളിലാണ് നടക്കുന്നതെന്നും കാന്തപുരം ഉള്‍പ്പെടെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഗീയതയെയും എതിര്‍ക്കുക എന്നതാണ് സി.പി.ഐ.എമ്മിന്റെ ലക്ഷ്യമെന്നും ഈ നിലപാട് തങ്ങള്‍ തുടരുമെന്നും പി. മോഹനന്‍ പറഞ്ഞു.
നേരത്തെ ഒരു പ്രസംഗത്തില്‍ പി. മോഹനന്‍ മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ആരോപണം ഉയര്‍ത്തിയിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പരിശോധിച്ചപ്പോള്‍ അതില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നുമായിരുന്നു പി. മോഹനന്റെ ആരോപണം.
മാത്രവുമല്ല ജമാഅത്തെ ഇസ്‌ലാമി നേതാക്കളാണ് പ്രാദേശികമായ ഈ സംവിധാനത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കി നല്‍കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
അതേ സമയം മെക് സെവനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംഘടനയുടെ അംബാസിഡറായ ബാവ അറക്കല്‍ പ്രതികരിച്ചിരുന്നു.
2012ലാണ് സൈന്യത്തില്‍ നിന്ന് വിരമിച്ച മലപ്പുറം തുറക്കല്‍ സ്വദേശി സലാഹുദ്ദീന്‍ എന്ന വ്യക്തി മെക് സെവന്‍ എന്ന വ്യായാമ കൂട്ടായ്മക്ക് രൂപം നല്‍കിയത്. വിവിധ വ്യായാമ മുറകള്‍ ഏഴെണ്ണമാക്കി സംയോജിപ്പിച്ച രീതിയാണിത്.
2012ലാണ് ഒദ്യോഗികമായി തുടങ്ങിയതെങ്കിലും 2022 മുതലാണ് ഇത് സജീവമായത്. കൊവിഡിന് ശേഷം ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയത് ഈ സംവിധാനത്തിന്റെ പെട്ടെന്നുള്ള പ്രചാരത്തിന് കാരണമായതായാണ് വിലയിരുത്തല്‍.
Content Highlight: CPI(M) did not criticize Mec Seven: P. Mohanan