| Tuesday, 1st March 2022, 3:45 pm

സ്വത്വ രാഷ്ട്രീയം ദളിത് പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നു: സി.പി.ഐ.എം സമ്മേളന റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദളിത് പിന്നാക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലെ സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിവിധ തരത്തിലുള്ള സ്വയം വിമര്‍ശനം ഉണ്ടായി. സി.പി.ഐ.എം മന്ത്രിമാര്‍ പലരും സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

മന്ത്രിമാര്‍ പലരും സെക്രട്ടേറിയറ്റില്‍ കൃത്യമായി പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്തുണ്ടെങ്കിലും പങ്കെടുക്കാത്ത നില അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രിമാര്‍ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റിന് നിര്‍ബന്ധമായും എത്തണമെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു.

സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാര്‍ക്ക് നേരയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഈ വിമര്‍ശനം. സീനിയര്‍ നേതാവ് ഇ.പി. ജയരാജന് നേരെയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തീരുമാനം ജയരാജന്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.

സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും ചില അംഗങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നും കമ്മിറ്റിയില്‍ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമര്‍ശനമണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതേസമയം, കരട് നയരേഖയും സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള നവകേരള രേഖയും ഇന്ന് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുക.

CONTENT HIGHLIGHTS: CPIM conference report Identity politics alienates dalit backward classes from the party

We use cookies to give you the best possible experience. Learn more