| Tuesday, 8th October 2024, 12:53 pm

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് യൂസഫ് തരിഗാമി മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഹമ്മദ് റഷിയേക്കാള്‍ മൂവായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മുന്നിലാണ് അദ്ദേഹം. പി.ഡി.പി സ്ഥാനാര്‍ത്ഥി മുഹമ്മദ് അമീന്‍ ദര്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

ഇത് അഞ്ചാം തവണയാണ് തരിഗാമി കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് ഭാഗമായിട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് തരിഗാമി മത്സരിക്കുന്നത്.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി 1996 മുതല്‍ കുല്‍ഗാമിനെ പ്രതിനിധീകരിക്കുന്നുണ്ട്. 2014ല്‍ ജമ്മു കശ്മീരില്‍ അവസാന തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ നസീര്‍ അഹമ്മദിനെ 20,240 വോട്ടുകള്‍ക്കാണ് അദ്ദേഹം തോല്‍പ്പിച്ചത്.

എന്നാല്‍ ഇത്തവണ തരിഗാമിയുടെ വിജയം അനായാസമായിരിക്കില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ബി.ജെ.പി ജമാഅത്ത് ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കിയാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്ന് ആരോപിച്ച തരിഗാമി ഇത് സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാനുള്ള നിഴല്‍ സഖ്യത്തിന്റെ ശ്രമമാണെന്നും ആരോപിച്ചിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019ല്‍ തരിഗാമി മാസങ്ങളോളം വീട്ടുതടങ്കലിലായിരുന്നു. തുടര്‍ന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തിനെ  കാണാനെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ന്റെ പുനഃസ്ഥാപനത്തിനായി നിരന്തരം സംസാരിച്ചിരുന്ന തരിഗാമി ഇതിന് വേണ്ടി ഒരുമിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവാണ്.

Content Highlight: CPI(M) candidate Muhammad Yusuf Tarigami is leading in Jammu and Kashmir’s Kulgam

Latest Stories

We use cookies to give you the best possible experience. Learn more