കോഴിക്കോട്: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസും- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ ആക്രമിച്ചതും സംഘപരിവാര്‍ അത് ആഘോഷിക്കുന്നതും
അത്ര നിഷ്‌കളങ്കമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. പിണറായി വിജയന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘സി.പി.ഐ.എമ്മുകാര്‍ എന്നെ ആക്രമിച്ചപ്പോള്‍ സംഘപരിവാര്‍ അത് ആഘോഷിക്കുന്നുണ്ടെങ്കില്‍ അവര്‍ തമ്മില്‍ നല്ല ബന്ധമുണ്ട്.
ഞാന്‍ സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണ്. കേരളത്തില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ ഒരു സഖ്യമുണ്ട്. പിണറായി വിജയന്റെ സര്‍ക്കാരും സംഘപരിവാറും നല്ല അഡ്ജസ്റ്റ്‌മെന്റിലാണ് പോകുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്ന് പല വിഷയത്തിലും തെളിഞ്ഞിട്ടുണ്ട്,’ റിജില്‍ മാക്കുറ്റി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പ്രതിഷേധിച്ച കുറ്റത്തിന് തന്നെ റിമാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്നും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലസിത പാലക്കല്‍ അടക്കമുള്ള ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ റിജില്‍ മാക്കുറ്റിക്ക് നേരയുണ്ടായ അക്രമത്തില്‍ സന്തോഷം പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റിജിലിന്റെ പ്രതികരണം.
സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് സംസ്ഥാനത്തെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് വിഷയത്തില്‍ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദിക്കാനും കയ്യേറ്റം ചെയ്യാനും പൊലീസ് അവസരം സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നത്.
മന്ത്രി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.