കോഴിക്കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും പൊതുഖജനാവിലെ നികുതിപ്പണം ഉപയോഗിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏകദേശം ഒരുകോടി രൂപയാണ് സര്‍ക്കാര്‍ ഇതിന് വേണ്ടി ചെലവഴിച്ചതെന്നും അതിനാല്‍ ആ പണം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരിച്ച് അടക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പെരിയെ ഇരട്ടക്കൊലപാതകക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതിയുടെ വിധി ആശ്വാസകരവും നീതിന്യായ വ്യവസ്ഥയിലെ ആളുകളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. ഒരു കാരണംപോലും ഇല്ലാതെ നടത്തിയ ഈ കൊലപാതകം കാരണം വഴിയാധാരമായത് രണ്ട് കുടുംബങ്ങളാണെന്നും ഇതിന് കാരണം സി.പി.ഐ.എം ആണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
‘കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടത്തി എങ്ങനെയാണ് കൊല്ലേണ്ടതെന്നും ആരാണ് കൊല്ലേണ്ടതെന്നും തീരുമാനിച്ചത് സി.പി.ഐ.എമ്മാണ്. കൊന്ന് കഴിഞ്ഞ് ആ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചതും പൊലീസിനെ ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിച്ചതും സി.പി.ഐ.എമ്മാണ്. സി.ബി.ഐ അന്വേഷണം വരാതിരിക്കാന്‍ ഒരുകോടി രൂപ ചെലവാക്കിയതും സര്‍ക്കാരാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.
രണ്ട് ചെറുപ്പക്കാരെ ക്രൂരമായി കൊല്ലാന്‍ ഗൂഢാലോചന നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ഈ പാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത് എന്നോര്‍ത്ത് കേരളം ലജ്ജിച്ച് തല താഴ്ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് പ്രതികളെ വെറുതെ വിട്ട വിഷയത്തില്‍ കുടുംബവുമായി ആലോചിച്ച് അപ്പീല്‍ പോവുമെന്നും കുടംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഈ വിധിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കേസ് നടത്തുന്നതിനായി പൊതുഖജനാവില്‍ നിന്ന് എടുത്ത ഒരു കോടിയോളം നികുതിപ്പണം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തിരിച്ച് അടക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. അത്രയും വലിയ ക്രൂരമായ കൊലപാതകം നടത്തിയതില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും മുഴുവന്‍ കേരള ജനതയോടെും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മാപ്പ് പറയണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം കൊലപാതകങ്ങള്‍ നമ്മുടെ കേരളത്തില്‍ ഇനി തുടരാന്‍ പാടില്ലെന്നും എന്ത് ക്രൂരത ചെയ്താലും അതിന് കുടപിടിച്ചു കൊടുക്കുന്ന സംവിധാനങ്ങളായി നീതിന്യായ വ്യവസ്ഥയും പൊലീസും മാറാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സി.പി.ഐ.എം പറഞ്ഞതിലൂടെ ആരാണ് പ്രതികളെ രക്ഷിക്കുന്നതെന്നു വ്യക്തമായി. ക്രിമിനല്‍ കേസില്‍ വാദിയാകേണ്ട സര്‍ക്കാര്‍ തന്നെയാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ സന്തോഷിക്കേണ്ടതിനു പകരം ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ അപ്പീല്‍ നല്‍കുമെന്ന് പറയുന്നത് ക്രിമിനലുകളെ പരസ്യമായി സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം എന്ന് ഒന്നു കൂടി പുരപ്പുറത്തു കയറി വിളിച്ചു പറയുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.
പൊലീസില്‍ നിന്നും നീതി കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് സി.ബി.ഐ അന്വേഷണം കുടുംബം ആവശ്യപ്പെട്ടതെന്നും തീവ്രവാദി സംഘടനകളെക്കാള്‍ മോശമായ രീതിയിലാണ് സി.പി.ഐ.എം എതിരാളികളെ വകവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖം കണ്ടാല്‍ കുടുംബാംഗങ്ങള്‍ പോലും തിരിച്ചറിയരുതെന്ന നിര്‍ദ്ദേശമാണ് സി.പി.ഐ.എം നേതൃത്വം ടി.പിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ നല്‍കിയതെന്നും വി.ഡി സതീശന്‍ പറയുകയുണ്ടായി.
Content Highlight: CPI(M) and Pinarayi Vijayan tried to save accused in Periya murder case by using tax money: V.D. Satishan